Bust | പുതുവത്സര ആഘോഷത്തിനായി ശേഖരിച്ച 9 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി; 3 യുവാക്കള്‍ അറസ്റ്റില്‍
● കാവൂര്‍ പൊലീസും ലഹരിവിരുദ്ധ സേനയും ചേര്‍ന്ന് നടത്തിയ പരിശോധന.
● കുളൂര്‍ നദീതീരത്ത് നടത്തിയ സംയുക്ത റെയ്ഡിലാണ് കുടുങ്ങിയത്.
● രജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂട്ടറും കൂട്ടത്തില്‍ കണ്ടെടുത്തു.
മംഗ്‌ളുറു: (KasargodVartha) കാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. പുതുവത്സര ആഘോഷത്തിനായി സംഭരിച്ച ഒമ്പത് ലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി മൂന്ന് പേര്‍ അറസ്റ്റിലായി. എം ദേവരാജ് (37), പര്‍വേസ് ഉമര്‍ (25), ഷെയ്ഖ് താഹിം (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാവൂര്‍ പൊലീസും ലഹരിവിരുദ്ധ സേനയും ചേര്‍ന്ന് കുളൂര്‍ നദീതീരത്ത് നടത്തിയ സംയുക്ത റെയ്ഡിലാണ് പുതുവത്സരാഘോഷത്തിന് വില്പനയ്ക്കായി ശേഖരിച്ച ഒമ്പത് ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്.
അഞ്ച് കിലോഗ്രാം കഞ്ചാവ്, 100 ഗ്രാം എംഡിഎംഎ, ഏഴ് ഗ്രാം കൊക്കെയ്ന്‍, 17 ഗ്രാം എംഡിഎംഎ, 100 ഗ്രാം ചരസ്, എട്ട് ഗ്രാം ഹൈഗ്രേഡ് കഞ്ചാവ്, മൂന്ന് എല്‍എസ്ഡി സ്ട്രിപ്പുകള്‍, കത്തി, വെയിംഗ് മെഷീനുകള്‍, ഹ്യുണ്ടായ് ഐ 10 കാര്‍, രജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂട്ടര്‍ എന്നിവ കണ്ടെടുത്തു.
പുതുവത്സര ആഘോഷത്തിന് മുന്നോടിയായി മയക്കുമരുന്ന് കടത്തല്‍ നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പിടിയിലായ മൂവരെയും കോടതിയില്‍ ഹാജരാക്കി.
#drugbust #Kerala #Kavur #drugs #narcotics #police #arrest #NewYear #MDMA