സ്കൂൾ കോമ്പൗണ്ടിൽ കഞ്ചാവ് ചെടി കണ്ടെത്തി; എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു
● ബംബ്രാണ ജി ബി എൽ പി സ്കൂൾ കോമ്പൗണ്ടിൽനിന്ന് 50 സെന്റീമീറ്റർ നീളമുള്ള ചെടിയാണ് പിടിച്ചെടുത്തത്
● ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായാണ് കണ്ടെത്തൽ
● അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു
● സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തത് സുരക്ഷാ ഭീഷണിയാകുന്നു
കുമ്പള: (KasargodVartha) ബംബ്രാണയിലെ ജി ബി എൽ പി സ്കൂൾ കോമ്പൗണ്ടിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ഏകദേശം 50 സെന്റീമീറ്റർ നീളമുള്ള ചെടിയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
പരിശോധനയിൽ കണ്ടെത്തി
സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറിൻ്റെ’ ഭാഗമായി കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിൻ്റെയും കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ വി ശ്രാവണിന്‍റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഒലീവിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ യുവാക്കൾക്ക് ചെടിയെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് എക്സൈസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തി ഇത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ചെടി കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ചു.
അന്വേഷണം തുടങ്ങി
സംഭവത്തിൽ കുമ്പള എക്സൈസ് റേഞ്ച് ക്രൈം നമ്പർ 43/26 ആയി എൻഡിപിഎസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവ് ചെടി ആരാണ് നട്ടുപിടിപ്പിച്ചതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനുമായി അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
സ്കൂൾ ഹെഡ് മാസ്റ്ററും പി ടി എ പ്രസിഡൻ്റും സംഭവത്തില്‍ ആശങ്ക അറിയിച്ചു. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതും പരിസരത്ത് മതിയായ വെളിച്ചവും സുരക്ഷാ സംവിധാനവും ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച് നാശനഷ്ടങ്ങൾ വരുത്തുന്നതായി അവർ ചൂണ്ടിക്കാട്ടി. സ്കൂൾ പരിസരത്ത് സുരക്ഷ ശക്തമാക്കുകയും ചുറ്റുമതിൽ നിർമിക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട അധികൃതരോട് അവർ ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ ഉപയോഗവും കൃഷിയും തടയുന്നതിനായി ജില്ലയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
സ്കൂൾ കോമ്പൗണ്ടിൽ കഞ്ചാവ് ചെടി കണ്ടെത്തിയ ഈ സംഭവം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Excise officials found a marijuana plant in the premises of GBLP School, Bambrana, and registered a case under the NDPS Act.
#KasaragodNews #ExciseRaid #DrugSeizure #LocalNews #SchoolSafety #KeralaNews #RenuNews






