മഞ്ചേശ്വരത്തെ ദമ്പതികളുടെ മരണം; ലോൺ ആപ്പുകളും ഓൺലൈൻ ട്രേഡിംഗും സംശയത്തിൽ; 8 പവൻ സ്വർണത്തെ ചൊല്ലി തർക്കം
● ബന്ധുക്കളായ യുവതികളിൽ നിന്ന് ശ്വേത എട്ട് പവൻ സ്വർണ്ണം വാങ്ങി വിറ്റത് തർക്കത്തിന് കാരണമായി.
● മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശ്വേത മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യിപ്പിച്ചു.
● ദമ്പതികളുടെ ലോക്ക് ചെയ്ത രണ്ട് ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ കോടതിയിൽ അപേക്ഷ നൽകും.
● അജിത്തിന് സഹകരണ ബാങ്കിൽ മൂന്ന് ലക്ഷത്തിനടുത്ത് കടബാധ്യതയുണ്ടായിരുന്നു.
● സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മഞ്ചേശ്വരം: (KasargodVartha) കടമ്പാറിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച ദമ്പതിമാർ ലോൺ ആപ്പിലും ഓൺലൈൻ ട്രേഡിംഗിലും ഉൾപ്പെട്ടതായുള്ള സംശയം പോലീസിൻ്റെ അന്വേഷണത്തിൽ ബലപ്പെടുന്നു. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയെന്ന നിഗമനത്തിലാണ് ഇതിനോടകം എത്തിച്ചേർന്നിട്ടുള്ളതെന്ന് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് പറഞ്ഞു.
കടമ്പാർ ചമ്പപ്പടവിലെ അജിത്ത് (34), സ്കുളിലെ അധ്യാപികയായ ശ്വേത (27) എന്നിവരാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. നേരത്തേ ഗൾഫിലായിരുന്ന അജിത്ത് നാട്ടിലെത്തി മരപ്പണിയും പോളിഷ് ജോലികളുമാണ് ചെയ്തിരുന്നത്. ശ്വേതയ്ക്ക് 25,000 രൂപയാണ് ശമ്പളം ഉണ്ടായിരുന്നത്. ഈ വരുമാനം ഉണ്ടായിട്ടും ഇവർ വൻ സാമ്പത്തിക ബാധ്യതയിൽപ്പെട്ടതായാണ് കണ്ടെത്തൽ.
ബന്ധുക്കളുമായി തർക്കം
മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് യുവതികൾ സ്‌കൂട്ടറിൽ വീട്ടിന് സമീപം വാക്കുതർക്കത്തിലേർപ്പെട്ടതിൻ്റെയും മുഖത്തടിക്കുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇവർ ബ്ലേഡ് സംഘത്തിൽ പെട്ടവരാണെന്ന സംശയം ഉയർന്നതിനെ തുടർന്ന് പോലീസ് ഇവരെ കണ്ടെത്തി ചോദ്യം ചെയ്ത് മൊഴിയെടുത്തു. ഇവരെല്ലാം ബന്ധുക്കളായ യുവതികളാണ് എന്നാണ് പോലീസ് പറയുന്നത്.
ഇവരിൽ നിന്ന് എട്ട് (8) പവൻ സ്വർണ്ണം ശ്വേത വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ച് ചോദിച്ചപ്പോൾ വിറ്റുവെന്ന് പറഞ്ഞതോടെയാണ് കൈയാങ്കളി അടക്കമുള്ള വാക്കുതർക്കം ഉണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന യുവതികളിലൊരാൾ രണ്ട് വർഷം മുൻപാണ് എട്ട് പവൻ സ്വർണം ശ്വേതയ്ക്ക് നൽകി സഹായിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കാതിരുന്നത് കൊണ്ടാണ് തിങ്കളാഴ്ച വൈകുന്നേരം ഇവർ വീടിന് സമീപം എത്തി സ്വർണം ആവശ്യപ്പെട്ടത്.
ഫോൺ ഫോർമാറ്റ് ചെയ്തത് നിർണ്ണായകം
തർക്കത്തിനിടെ അജിത്ത് വീടിനകത്ത് കയറി തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഇത് കണ്ട ശ്വേത വിഷം കഴിച്ചു. പിന്നാലെ അജിത്തും വിഷം കുടിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് വീണുകിടന്ന നിലയിൽ ഇരുവരെയും അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. പിറ്റേന്ന് പുലർച്ചയോടെ ഇരുവരും മരിച്ചു. ഇവരിൽ നിന്നും മരണമൊഴി എടുക്കാൻ സാധിച്ചിരുന്നില്ലെന്നാണ് വിവരം.
അജിത്തിന് കുടുംബപരമായി സഹകരണ ബാങ്കിൽ മൂന്ന് ലക്ഷത്തിനടുത്ത് കടബാധ്യതയുണ്ട്. മറ്റു നിരവധി പേരൊടും കടം വാങ്ങിയതായും ബ്ലേഡിന് പണം വാങ്ങിയതായുള്ള സൂചനകളുമുണ്ട്. മരണത്തിന് മുമ്പ് പണ ഇടപാടുകാരുടേതെന്ന് സംശയിക്കുന്ന ഫോൺവിളി അജിത്തിൻ്റെ മൊബൈലിലേക്ക് വന്നതായും സൂചനയുണ്ട്. ലോൺ ആപ്പിൽ നിന്നും പണം കൊടുത്തവർ വിളിച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശ്വേത ഒരു മൊബൈൽ കടയിൽ ചെന്ന് ഫോൺ ഫോർമാറ്റ് ചെയ്യിപ്പിച്ചതായുള്ള നിർണ്ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വിശദമായ അന്വേഷണം
ദമ്പതികളുടെ രണ്ട് (2) ഫോണുകളും ലോക്ക് ചെയ്ത നിലയിലായിരുന്നു. കോടതിയിൽ ഏൽപ്പിച്ച ഫോണുകൾ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയക്കാൻ കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ ഏതെല്ലാം ബാങ്കുകളിലാണ് ഇവർക്ക് അക്കൗണ്ടുകൾ ഉള്ളതെന്ന് പരിശോധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കൈയേറ്റം ചെയ്ത യുവതികളെ പ്രേരണാ കേസിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ദമ്പതികളുമായി സാമ്പത്തിക ഇടപാടുകളും ബന്ധമുള്ളവരെയും കണ്ടെത്തി വിശദമായ അന്വേഷണത്തിനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.
ലോൺ ആപ്പുകളും ഓൺലൈൻ ട്രേഡിംഗും സൃഷ്ടിക്കുന്ന സാമ്പത്തിക കെണിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Couple's suicide in Manjeshwaram due to severe debt; linked to loan apps, online trading, and a dispute over 8 sovereigns of gold.
#LoanAppScam #KeralaTragedy #FinancialStress #KasaragodNews #OnlineTrading #SuicideProbe






