Acquittal | കാലിയ റഫീഖ് വധക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു
മംഗ്ളുറു: (KasargodVartha) കൊലപാതകം അടക്കം അനേകം കേസുകളില്‍ പ്രതിയായിരുന്ന ഉപ്പള മണിമുണ്ട സ്വദേശി കാലിയ റഫീഖിനെ (38) മംഗ്ളൂറില്‍ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് ദക്ഷിണ കന്നഡ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജ് മല്ലികാർജുന സ്വാമിയുടെ വിധി. ഒന്നാം പ്രതി നൂറലി, രണ്ടാം പ്രതി യൂസഫ്, അഞ്ചാംപ്രതി റശീദ്, ആറാംപ്രതി നജീബ് എന്നിവരെയാണ് വെറുതെ വിട്ടത്. ഒമ്പത് പേരാണ് കേസിലെ പ്രതികൾ. ഇതിൽ ഡോൺ തസ്‌ലിം എന്ന സി എം മുഹ്തസിം പിന്നീട് കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ളവർ ഇനി പിടിയിലാവാനുണ്ട്.
2017 ഫെബ്രുവരി 14ന് രാത്രിയാണ് ഉള്ളാൾ കോട്ടേക്കറിനടുത്ത് കാലിയ റഫീഖ് ക്രൂരമായി കൊല്ലപ്പെട്ടത്. ടിപർ ലോറിയിൽ എത്തിയ കൊലപാതകികൾ റഫീഖ് സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച റഫീഖിനെ, ഈ സമയം ലോറിയിൽ നിന്ന് ചാടിയിറങ്ങിയ അക്രമിസംഘം വെടിവെച്ചു വീഴ്ത്തി. തുടർന്ന് വടിവാളുപയോഗിച്ച് തുരുതുരാ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. റഫീഖിനൊപ്പം കാറിലുണ്ടായിരുന്നവർ അതിനകം ഓടി രക്ഷപ്പെട്ടിരുന്നു.
കാസർകോട് ജില്ലയിലെ ഒമ്പത് പേരാണ് ഈ കൃത്യം നടത്തിയതെന്ന് വ്യക്തമാക്കി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഉള്ളാൾ പൊലീസ് ഇൻസ്പെക്ടർ കെ ആർ ഗോപീകൃഷ്ണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നൂറലിയും മറ്റ് പ്രതികളും ഹിദായത്ത് നഗർ ക്ലബിൽ ഒത്തുകൂടി കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിച്ചിരുന്നു. 68 രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വിധിന്യായത്തിൽ പറയുന്നു. പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വൈ വിക്രം ഹെഗ്‌ഡെ, അഡ്വ. രാജേഷ് കെ ജി, അഡ്വ. അബ്ദുൽ അസീസ് എന്നിവർ ഹാജരായി.
#kaliyrafeeq #murdercase #acquitted #mangaluru #karnataka #indianews #justice