Verdict | മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൊലപാതകം; പ്രതിക്ക് 16 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

● കാസർകോട് ചെങ്കള സന്തോഷ് നഗറിൽ നടന്ന സംഭവം
● തല ചുമരിനിടിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തി
● സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി
കാസർകോട്: (KasargodVartha) മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒപ്പം താമസിക്കുന്നയാളെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തമിഴ് നാട് സ്വദേശിയായ മുരുഗനെ (48) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധികം കഠിന തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചു കയറൽ (ഐപിസി 449), മന:പൂർവമല്ലാത്ത നരഹത്യ 304 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
2020 നവംബർ 15ന് വൈകുന്നേരം ആറു മണിയോടെ ചെങ്കള സന്തോഷ് നഗറിലെ വാടക വീട്ടിലായിരുന്നു സംഭവം. മദ്യം വാങ്ങിയ പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ വാടക കെട്ടിടത്തിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ മേസ്ത്രി എന്നു വിളിക്കുന്ന വിജയൻ മേസ്ത്രിയെ (63) തല ചുമരിനിടിപ്പിച്ചും കൈ കൊണ്ടു കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. അതേ കെട്ടിടത്തിൽ മറ്റൊരു റൂമിൽ താമസിക്കുകയായിരുന്നു ആശാരിപ്പണിയെടുക്കുന്ന പ്രതി മുരുഗൻ.
നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. തർക്കം നടക്കുന്ന സമയത്ത് വിജയൻ മേസ്ത്രിയുടെ മുറിയിലുണ്ടായിരുന്ന സുഹൃത്തായ ഇബ്രാഹിം കരീമിൻ്റെ മൊഴിയും, വിജയൻ്റെ മുറിയിൽ നിന്നും കണ്ടെടുത്ത മുതലുകളിൽ കാണപ്പെട്ട പ്രതിയുടെ രക്തവും, വിരലടയാളവും, സ്ഥലത്തെ ഫാത്തിമ ട്രാവൽസ് എന്ന കടയിലെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി.
വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദും തുടർന്ന് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡിവൈഎസ്പി വി വി മനോജുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
#murder #liquor #dispute #kerala #kasaragod #justice #crime #india