Conviction | 'ബസിലൂടെ എംഡിഎംഎ കടത്തി': യുവാവിന് 10 വർഷം തടവ് വിധിച്ച് കാസർകോട് ജില്ലാ കോടതി; ഒരു ലക്ഷം രൂപ പിഴയും അടക്കണം
● 2022 ഒക്ടോബർ 21ന് മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്
● 54 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്
കാസർകോട്: (KasragodVartha) ബസിലൂടെ മാരകമയക്കുമരുന്നായ എംഡിഎംഎ കടത്തിയെന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി കെ മുഹമ്മദ് ആശിഖിനെ (27) യാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.
2022 ഒക്ടോബർ 21ന് മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിലെ എക്സൈസ് സർകിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് 54 ഗ്രാം എംഡിഎംഎയുമായി ആശിഖ് അറസ്റ്റിലായത്. ബെംഗളൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ പ്രമോദ് എം പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ ) ജോസഫ് ജെ, പ്രിവന്റിവ് ഓഫിസർമാരായ ജയരാജൻ ടി, പീതംബരൻ കെ കെ, സിവിൽ എക്സൈസ് ഓഫിസർ മഹേഷ് കെ എന്നിവർ ഉണ്ടായിരുന്നു.
കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത് കാസർകോട് അസിസ്റ്റന്റ് എക്സൈസ് കമീഷണർ ആയിരുന്ന എസ് കൃഷ്ണകുമാർ ആണ്. തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമീഷണർ ആയിരുന്ന ജോയ് ജോസഫ് അന്വേഷണം പൂർത്തീകരിച്ചു കോടതിയിൽ അന്തിമ കുറ്റപത്രവും സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജി ചന്ദ്രമോഹൻ, ചിത്രകല എം എന്നിവർ ഹാജരായി.
#MDMA #drugsmuggling #Kerala #Kasaragod #conviction #justice