Conviction | ഭാര്യയെ വിറക് കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് 10 വർഷം കഠിന തടവ്
● 2021 ജൂലൈ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്
● അരുൺ കുമാർ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
● കൊല്ലപ്പെട്ടത് സുമിത എന്ന 23 വയസുകാരിയാണ്
കാസർകോട്: (KasargodVartha) മുന്നാട് കൊറത്തിക്കുണ്ടിൽ ഭാര്യയെ വിറക് കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് 10 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (3) ശിക്ഷ വിധിച്ചു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർ അരുൺ കുമാർ (28) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
2021 ജൂലൈ 19-ന് വൈകുന്നേരം നാലുമണിക്കും 20-ന് പുലർച്ചെ ഒന്നരയ്ക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊറത്തിക്കുണ്ടിൽ താമസിക്കുന്ന സുമിത (23) എന്ന യുവതിയാണ് ഭർത്താവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഭർത്താവായ അരുൺ കുമാർ വഴക്കിനിടെ വീട്ടിൽ കരുതിയിരുന്ന വിറക് കഷ്ണം കൊണ്ട് സുമിതയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
നാല് വർഷം മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. അരുൺ കുമാർ കൂലിപ്പണിക്കാരനായിരുന്നു. കൊലപാതകം നടക്കുമ്പോൾ സുമിതയുടെ മാതാവ് ജാനകിയും അരുൺ കുമാറിൻ്റെ അനുജനും വല്യമ്മയും വീട്ടിലുണ്ടായിരുന്നു. അരുൺ കുമാറിന്റെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
ഐപിസി 342, 304 വകുപ്പുകൾ പ്രകാരമാണ് ജഡ്‌ജ് അചിന്ത്യ രാജ് ഉണ്ണി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബേഡകം ഇൻസ്‌പെക്ടറായിരുന്ന ടി ദാമോദരനാണ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ സതീശൻ പി, അഡ്വ. അമ്പിളി എന്നിവർ ഹാജരായി.
#KeralaCrime #DomesticViolence #CourtVerdict #MurderCase #Justice #Kasaragod