Rejected | ശൈമയുടെ മരണം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി
● ആത്മഹത്യ കുറിപ്പ് പ്രോസിക്യൂഷൻ തെളിവായി ചൂണ്ടിക്കാട്ടുന്നു.
● ശൈമയെ ഒക്ടോബർ 16ന് വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
● ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
കാസര്‍കോട്: (KasargodVartha) ബോവിക്കാനം പൊവ്വൽ ബെഞ്ച് കോർടിൽ ഭർതൃമതിയായ ഹലീമ എന്ന ശൈമ (35) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. ശൈമയുടെ ഭർത്താവ് ജഅഫർ (42) നൽകിയ ജാമ്യാപേക്ഷയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ജഡ്‌ജ് സാനു എസ് പണിക്കർ തള്ളിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 16ന് പുലർച്ചെയാണ് ശൈമയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനവും മാനസിക പീഡനവും മൂലമാണ് യുവതി മരിക്കാൻ ഇടയായതെന്ന് പൊലീസും പ്രോസിക്യൂഷനും ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് വാദിച്ചു. യുവതി രഹസ്യ ഭാഗത്ത് പാഡിനകത്താക്കി ഒളിപ്പിച്ചുവെച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് ഭർത്താവിനെതിരെയുള്ള പ്രധാന തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഭർത്താവ് ജഅഫർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാനുള്ള ശ്രമം നടത്തിവരുന്നതായി സൂചനകൾ പുറത്തുവന്നിട്ടുണ്ട്. അഞ്ച് പെൺമക്കളുടെ മാതാവായ ശൈമയെ ഇതിന്റെ പേരിലും കൂടുതൽ സ്ത്രീധനം നൽകുന്നതിന് വേണ്ടിയും ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും സംശയ രോഗമാണ് ഭർത്താവിനെ പീഡന മുറികളിലേക്ക് നയിക്കാൻ കാരണമെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഭാര്യയെ നിരീക്ഷിക്കുന്നതിനായി വാടക വീട്ടിൽ സിസിടിവി കാമറയും സ്ഥാപിച്ചിരുന്നുവെന്ന് പറയുന്നു. മരണം നടന്നത് മുതൽ ഭർത്താവ് ജഅഫർ ഒളിവിലാണ്.
#JusticeForShaima #KasaragodNews #DomesticAbuse #CrimeCase #WomenRights #CourtVerdict