Fraud | 'വൻ ലാഭം കൊയ്യാമെന്ന് വാട്‌സ്ആപ് വഴി മോഹനവാഗ്‌ദാനം'; യുവതിയിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി പിടിയിൽ
മലപ്പുറം മേലാറ്റൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കാസർകോട്: (KasaragodVartha) ഓൺലൈൻ ട്രേഡിംഗ് വാഗ്ദാനം ചെയ്ത് 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി റിമാൻഡിൽ. മലപ്പുറം ജില്ലയിലെ കെ ജഅഫറിനെ (49) നെയാണ് കാസർകോട് സൈബർ സെൽ പൊലീസ് മലപ്പുറം മേലാറ്റൂരിൽ അറസ്റ്റ് ചെയ്തത്.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുശ്റ ശബീറിനാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ വർഷം നവംബർ മുതൽ ഡിസംബർ വരെ, പ്രതി വാട്‌സ്ആപ് വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗിൽ വൻ ലാഭം ഉണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും തുടർന്ന് ആപ് ലിങ്ക് അയച്ചുകൊടുത്ത് പരാതിക്കാരിയിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് കേസ്.
ലാഭമോ നിക്ഷേപ തുകയോ തിരിച്ചു കിട്ടാതായതോടെയാണ് യുവതി പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ, സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് സി പി ഒ രജ്ഞിത്, ദിലീഷ്, സുധേഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ: ജാഗ്രത പാലിക്കുക
സാങ്കേതികവിദ്യ വളർന്നതോടെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവ ദുരുപയോഗം ചെയ്യുന്നവർ വർധിച്ചുവരുന്ന ഒരു പ്രശ്നമാണ്. വ്യാജ വാർത്തകൾ, ഓൺലൈൻ തട്ടിപ്പുകൾ, ഹാകിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു.
അജ്ഞാതരുടെ ലിങ്കുകൾ ക്ലിക് ചെയ്യുന്നത്, പാസ്‌വേഡുകൾ പങ്കിടുന്നത്, പണം നൽകുന്നതിന് മുമ്പ് നന്നായി അന്വേഷിക്കാതിരിക്കുന്നത് തുടങ്ങിയവ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാൻ കാരണമാകാം. അതിനാൽ, സൈബർ സുരക്ഷയെക്കുറിച്ച് ബോധവാൻമാരായിരിക്കുകയും, സംശയം തോന്നിയാൽ ഉടൻ പൊലീസിൽ പരാതി നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.