Cyber Fraud | 'ഓഹരി വിപണിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്‌ത് സൈബർ തട്ടിപ്പ്; കാസർകോട് സ്വദേശിക്ക് നഷ്ടമായത് 71.87 ലക്ഷം രൂപ'
Updated: May 27, 2024, 18:37 IST
* ഇക്കഴിഞ്ഞ മാർച് 23നും മെയ് 17 നുമിടയിലാണ് സംഭവം
കാസർകോട്: (KasaragodVartha) ഓഹരി വിപണിയിൽ ഓഹരികൾ വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് യുവാവിൻ്റെ ലക്ഷക്കണക്കിന് രൂപ കബളിപ്പിച്ച് സൈബർ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സംഘത്തിനെതിരെ സൈബർ പൊലീസ് കേസെടുത്തു. പടന്ന മൂസാഹാജി മുക്കിലെ റഫ മൻസിലിൽ അഫ്സ്വാഹ് മുഹമ്മദ് നൽകിയ പരാതിയിലാണ് കേസ്.
ഇക്കഴിഞ്ഞ മാർച് 23നും മെയ് 17 നുമിടയിലാണ് സംഭവം. പ്രതികൾ ലാഭവിഹിതം വാഗ്ദാനം നൽകി ജെ എം സ്റ്റോക്ക് മാർകറ്റിൻ്റെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി വിവിധ ബാങ്ക് അകൗണ്ടുകൾ വഴി പല ദിവസങ്ങളിലായി 72,65,399 രൂപ അയച്ചുകൊടുത്തതിൽ 77, 627 രൂപ തിരിച്ചു തന്നുവെന്നും കഴിച്ച് 71,87,772 രൂപ തിരിച്ചു തരാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പൊലീസ് അന്വേഷണം നടത്തിവരികയാണ്.