Cyber Fraud | സൈബർ കെണിയിൽ വീണു; കാസർകോട്ട് താമസിക്കുന്ന യുവാവിന് നഷ്ടമായത് 2.23 കോടി രൂപ
കാസർകോട്: (KasaragodVartha) സൈബർ കെണിയിൽ വീണ യുവാവിന് നഷ്ടമായത് 2.23 കോടി രൂപ. പരാതിയിൽ കാസർകോട് സൈബർ സെൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ് നാട് വെല്ലൂർ പൊന്നിയമ്മൻകോവിൽ സ്വദേശിയും കാസർകോട് ബീരന്ത് വയലിൽ താമസക്കാരനുമായ എസ് സുരേഷ് ബാബു (42) ആണ് ഇരയായത്.
ഇക്കഴിഞ്ഞ മെയ് 17 മുതൽ ജൂൺ നാല് വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികൾ ടെലഗ്രാം വഴി ചാറ്റ് ചെയ്തും ഫോൺ വഴിയും വീട്ടിൽ നിന്ന് ചെയ്യാവുന്ന പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് വിവിധ അകൗണ്ടുകളിലേക്ക് വിവിധ ദിവസങ്ങളിലായി 2,23,94,993 രൂപ അയപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇതിൽ 87,125 രൂപ മാത്രം തിരികെ നൽകുകയും ബാക്കി 2,23,07,868 രൂപയും അതിൻറെ ലാഭവും നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
അജ്ഞാതരായ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക് വാട്സ്ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും അജ്ഞാത നമ്പറിൽ നിന്ന് ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്‌താൽ അത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.