Cyber Fraud | വൻ ലാഭം വാഗ്ദാനം; സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 18 ലക്ഷം രൂപ
* ടെലിഗ്രാം, വാട്സ് ആപ് വഴി ലിങ്ക് അയച്ച് തന്ന ശേഷം വിവിധ അകൗണ്ടിലേക്ക് പരാതിക്കാരനെ കൊണ്ട് പ്രതികൾ പണം നിക്ഷേപിച്ചു'
കുമ്പള : (KasaragodVartha) ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പൊലീസ് സൈബർ തട്ടിപ്പ് സംഘത്തിനെതിരെ കേസെടുത്തു. കോയിപ്പാടി പെർവാട് സ്വദേശി അരുണാലയത്തിൽ സഹദേവന്റെ പരാതിയിലാണ് ടെലിഗ്രാമിലൂടെ പരിചയപ്പെട്ട മീര പട്ടേൽ, വാട്‌സ്ആപിലൂടെ പരിചയപ്പെട്ട വിവേക് പട്ടേൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ മാർച് 25നും മെയ് 22നുമിടയിൽ ടെലിഗ്രാം, വാട്സ് ആപ് വഴി ലിങ്ക് അയച്ച് തന്ന ശേഷം വിവിധ അകൗണ്ടിലേക്ക് പരാതിക്കാരനെ കൊണ്ട് പ്രതികൾ പണം നിക്ഷേപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 18 ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ചുവെന്നാണ് പരാതി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക് വാട്സ്ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും അജ്ഞാത നമ്പറിൽ നിന്ന് ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്‌താൽ അത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.