Arrest | 'വിദേശത്ത് നിന്ന് ഏൽപ്പിച്ച 9 ലക്ഷം രൂപയുടെ സ്വർണം കിട്ടാൻ യുവാവിനെ തട്ടികൊണ്ടുപോയി ഒരു ദിവസം മുഴുവൻ ക്രൂരമായി മർദിച്ചു; കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഇറങ്ങിയോടി രക്ഷപ്പെട്ടു'
● 'ഒരു റിസോർടിൽ വെച്ച് മർദിച്ചു'
● 'തലക്കും കാലിനും കൈക്കും കണ്ണിനും ദേഹമാസകലവും പരുക്കേറ്റു'
● 'കൊടുത്തുവിട്ട സ്വർണമോ പണമോ അല്ലെങ്കിൽ വീടും പറമ്പോ തരണമെന്നായിരുന്നു ആവശ്യം'
കാഞ്ഞങ്ങാട്: (KasargodVartha) ഗൾഫിൽ നിന്നും കൊടുത്തയച്ച ഒമ്പത് ലക്ഷം രൂപയുടെ സ്വർണം തിരിച്ചു നൽകാത്തതിനെ തുടർന്ന് ബേക്കൽ പൂച്ചക്കാട്ടെ യുവാവിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ട് പോയി റിസോർടിൽ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ പേരാമ്പ്രയിൽ വെച്ച് യുവാവ് വെള്ളം കുടിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ ഓടി രക്ഷപ്പെട്ടു.
പിന്നീട് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൂച്ചക്കാട് ചെറിയ പള്ളിക്കടുത്തെ പരേതനായ അബ്ദുല്ലയുടെ മകൻ എ പി അബ്ദുൽ മജീദിനെ (40) മർദിച്ചെന്നാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സി കെ ശഹീർ (21), ഇബ്രാഹിം ഖലീൽ (33), യാസർ ബിസി (40), അശ്‌റഫ് എം (31) എന്നിവരെ അറസ്റ്റ് ചെയ്തു.
ഗൾഫിൽ നിന്നും കൊടുത്തുവിട്ട സ്വർണം മജീദ് മുംബൈയിൽ വെച്ച് വിൽപന നടത്തിയതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. കൊടുത്തുവിട്ട സ്വർണമോ പണമോ അല്ലെങ്കിൽ വീടും പറമ്പോ തന്നില്ലെങ്കിൽ വിടില്ലെന്ന് പറഞ്ഞ് ഇരുമ്പുവടി, ഇലക്ട്രിക് ബാറ്റൺ എന്നിവകൊണ്ട് തലക്കും കാലിനും കൈക്കും കണ്ണിനും ദേഹമാസകലവും അടിച്ച് പരുക്കേൽപിച്ചുവെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത് പടന്നയിലെ ഒരു റിസോർടിൽ വെച്ചാണ് ഒരു ദിവസം മുഴുവൻ മർദിച്ചതെന്നും യുവാവ് വെളിപ്പെടുത്തി.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശ പ്രകാരം ബേക്കൽ ഡിവൈഎസ്പി വിവി മനോജ്, സിഐ കെപി ഷൈൻ, എസ്ഐ വൈശാഖ്, പൊലീസ് ഉദ്യോഗസ്ഥരായ സജീഷ്, നിഖിൽ, ജിതേഷ്, ജ്യോതിഷ്, അനീഷ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലേക്കുള്ള പൊലീസ് സംഘമാണ് പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തത്.
#kidnapping #torture #gold #Kannur #Kerala #crime #justice