Complaint | സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരിക്കെ യുവാവിനെ കാറിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോയതായി പരാതി; പണമിടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന; 3 പേർക്കെതിരെ കേസ്

● പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
● ചട്ടഞ്ചാൽ കുന്നാറിൽ വെച്ച് സംഭവം
● പാസ്പോർടും എടിഎം കാർഡും വാങ്ങി വെച്ചതിലുള്ള വിരോധമെന്നും പരാതിക്കാരൻ
ചട്ടഞ്ചാൽ: (KasargodVartha) പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ, സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരുന്ന യുവാവിനെ കാറിലെത്തിയ സംഘം ആളുകൾ നോക്കിനിൽക്കെ പിടിച്ചുകൊണ്ടുപോയതായി പരാതി. ചട്ടഞ്ചാല്‍ കുന്നാറയിലെ കെ അര്‍ശാദിനെ (27) തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തമ്മു എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ക്കുമെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10 മണിയോടെ ചട്ടഞ്ചാൽ കുന്നാറ ജീലാനി സൂപർമാർകറ്റിനടുത്ത് സുഹൃത്തായ ഹസൻ ഫഹദുമായി സംസാരിച്ച് കൊണ്ടിരുന്ന അർശാദിനെ കെ എൽ 59 ഇ 7686 നമ്പർ വെളുത്ത സ്വിഫ്റ്റ് ഡിസൈർ കാറിൽ തട്ടിക്കൊണ്ടുപോയിയെന്നാണ് പരാതി.
പൂച്ചക്കാട്ടുള്ള താജുദ്ദീൻ എന്നയാൾ പരാതിക്കാരനായ ഫഹദിന് കൊടുക്കാനുള്ള പണത്തിനു വേണ്ടി അർശാദിനെക്കൊണ്ട് വിളിപ്പിച്ചതിലും താജുദ്ദീന്റെ പാസ്പോർടും എടിഎം കാർഡും വാങ്ങി വെച്ചതിലുള്ള വിരോധം കാരണമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ഫഹദ് നൽകിയ പരാതിയിൽ പറയുന്നത്. അർശാദിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ടെന്ന് മേൽപറമ്പ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
#kidnapping #Kerala #crime #police #arrest #financialdispute