Verdict | പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ചു; വിരോധത്തിൽ ഓടോറിക്ഷ ഡ്രൈവറെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം; ഒരു ലക്ഷം പിഴയും വിധിച്ചു
● മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബക്കർ സിദ്ദീഖിനെയാണ് ശിക്ഷിച്ചത്.
● കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്
കാസര്‍കോട്: (KasargodVartha) പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ച വിരോധത്തിൽ ഓടോറിക്ഷ ഡ്രൈവറെ കുത്തിക്കൊന്നുവെന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷ രൂപ പിഴയും ശിക്ഷ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകര്‍ സിദ്ദീഖിനെ (45) യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് അജിത്യാ രാജ് ഉണ്ണി ആണ് ശിക്ഷിച്ചത്.
ജീവപര്യന്തം തടവിന് പുറമെ വധശ്രമത്തിന് ഏഴു വര്‍ഷത്തെ തടവിനും അരലക്ഷം രൂപ പിഴയടക്കാനും അബൂബകറിനെ കോടതി ശിക്ഷിച്ചു. കേസിലെ രണ്ടാം പ്രതി ഹാറൂണ്‍ റശീദ് ഒളിവിലാണ്. മൂന്നാം പ്രതിയായ മുഹമ്മദ് കുഞ്ഞി വിചാരണയ്ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. 2008 ഓഗസ്റ്റ് 24ന് രാത്രി പൊസോട്ട് ദേശീയ പാതയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉപ്പള ഹിദായത് നഗർ സകീർ മൻസിലിലെ ജമ്മി എന്ന മുഹമ്മദ് സമീര്‍ (26) ആണ് കൊല്ലപ്പെട്ടത്.
ഉപ്പള മണിമുണ്ടയിലെ അബ്ദുൽ മുനീര്‍ എന്ന യുവാവ് അയല്‍വാസിയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ യുവതിയുമായുള്ള വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതു മറികടന്നു കൊണ്ട് കുഞ്ചത്തൂരിലുള്ള സഹോദരിയുടെ വീട്ടില്‍ വച്ച് മുനീർ യുവതിയെ വിവാഹം ചെയ്തു. വിവാഹത്തിന് മുനീറിന് എല്ലാ സഹായവും ചെയ്തു കൊടുത്തത് സുഹൃത്തായ കൊല്ലപ്പെട്ട സമീര്‍ ആയിരുന്നു.
ഇതിന്റെ പേരില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് സമീറിനോട് വിരോധം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊല നടന്ന ദിവസം മുനീറും സുഹൃത്തുക്കളും സമീറിന്റെ ഓടോറിക്ഷയില്‍ യാത്ര ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞ് പൊസോട്ട് കാത്തിരുന്ന മൂന്നംഗ സംഘം ഓടോറിക്ഷ തടഞ്ഞുനിര്‍ത്തി അക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
മുനീറിന്റെ അമ്മാവനായ അബൂബക്കർ സിദ്ദീഖ് മുനീറിനെ ഫോണിൽ വിളിച്ചു കടം നൽകിയ പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും അത് നൽകാൻ വേണ്ടി അബ്ദുൽ മുനീറും സുഹൃത്തുക്കളും കൂടി പൊസോട്ടെത്തിയപ്പോൾ ഒന്നാം പ്രതി കത്തി കൊണ്ട് അബ്ദുൽ മുനീറിനെ കുത്തുന്നത് കണ്ട് തടയാൻ ചെന്ന നൗഫൽ എന്ന യുവാവിനെയും, മുഹമ്മദ് സമീറിന്റെ നെഞ്ചത്തും, വയറിലും കുത്തുകയും നൗഫലിനെ മൂന്നാം പ്രതി ടോർച് കൊണ്ട് കഴുത്തിനു അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വയറിലും നെഞ്ചിലും പരുക്കേറ്റ സമീർ മരണപ്പെടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മംഗ്‌ളുറു വിമാനത്താവളം വഴി ഒന്നാം പ്രതിയായ അബൂബകര്‍ സിദ്ദീഖ് വിദേശത്തേക്ക് കടന്നിരുന്നു. 2012ല്‍ കുമ്പള സി ഐയായിരുന്ന ടി പി രഞ്ജിത് ആണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തത്. കുമ്പള സി ഐ ആയിരുന്ന കെ ദാമോദരന്‍ അന്വേഷിച്ച കേസിൽ ഇപ്പോഴത്തെ കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി സിബി തോമസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷൻ കേസിൽ 19 സാക്ഷികളെ വിസ്തരിച്ചു, 30 രേഖകൾ ഹാജരാക്കി. പ്രതിഭാഗം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പൊലീസ് സർജൻ ബിജു ജെയിംസിനെ സാക്ഷിയായി ഹാജരാക്കി. ബിജു ജെയിംസ് പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ പി സതീശൻ ഹാജരായി. പിഴത്തുക മരണപെട്ട സമീറിന്റെ വീട്ടുകാർക്ക് നൽകുവാനും ഉത്തരവാക്കിട്ടുണ്ട്.
#KasaragodMurder #LoveTriangle #JusticeServed #KeralaNews #CrimeNews #IndiaNews