Conviction | 'കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തി'; യുവാവിന് 2 വർഷം കഠിന തടവും പിഴയും

● അബൂബകർ സിദ്ദീഖിനെയാണ് ശിക്ഷിച്ചത്
● ഒന്നര കിലോ കഞ്ചാവുമായാണ് പ്രതിയെ എക്സൈസ് പിടികൂടി
● കാസർകോട് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
കാസർകോട്: (KasargodVartha) കർണാടക കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബക്കർ സിദ്ദീഖിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ കഠിന തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു.
2019 ഓഗസ്റ്റ് 19-ന് വൈകുന്നേരം മംഗ്ളൂറിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്. മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇൻസ്പെക്ടർ എസ്.ബി മുരളീധരനും സംഘവുമാണ് കഞ്ചാവ് പിടികൂടിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
അന്നത്തെ കുമ്പള എക്സൈസ് ഇൻസ്പെക്ടറും ഇപ്പോഴത്തെ കാസർകോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായ ജോയ് ജോസഫാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
#KSRTC #Cannabis #Smuggling #Kasaragod #Kerala #Crime