Accident | നീലേശ്വരം പള്ളിക്കര മേൽപാലത്തിന് മുകളിൽ ബൈകിന് പിന്നിൽ കാറിടിച്ച് പിതാവ് മരിച്ചു; മകന് ഗുരുതര പരുക്ക്

നീലേശ്വരം: (KasargodVartha) പള്ളിക്കര മേൽപാലത്തിന് മുകളിൽ വെച്ച് ബൈകിന് പിന്നിൽ കാറിടിച്ച് പിതാവ് മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ ഇരിക്കൂര്‍ സ്വദേശി ഹുസൈന്‍ (67) ആണ് മരിച്ചത്. മകന്‍ ഫൈസലിനെയാണ് (40) കണ്ണൂർ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം.
അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. പരുക്കേറ്റ ഇരുവരെയും ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഹുസൈന്‍ മരണപ്പെടുകയായിരുന്നു. മംഗ്ളൂറിലെ ബന്ധുവീട്ടില്‍ പോയി ഇരിക്കൂറിലേക്ക് ബൈകില്‍ മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.
സൈബുന്നീസയാണ് ഹുസൈന്റെ ഭാര്യ. മറ്റുമക്കള്‍: ഫാസില, ഫസലുത്തുന്നീസ (അധ്യാപിക), ഫബ്‌സീന. നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കാർ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.