Crime | വനത്തിൽ വെച്ച് ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ ചൊവ്വാഴ്ച വിധിക്കും
● സംഭവം നടന്നത് അഡൂർ റിസർവ് ഫോറസ്റ്റിൽ.
● ശാസ്ത്രീയ തെളിവുകൾ നിർണായകമായി.
● പ്രതി മുമ്പ് മറ്റൊരു കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) ബന്ധുവായ യുവാവിനെ വനത്തിനകത്ത് വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഡൂർ വെള്ളക്കാനയിലെ സുധാകരൻ എന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗണപ്പനായികിനെയാണ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജ് എ മനോജ് കുറ്റക്കാരനാണെന്ന് വിധി പുറപ്പെടുവിച്ചത്. കേസിൽ കോടതി ചൊവ്വാഴ്ച ശിക്ഷാവിധി പറയും.
2019 ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണിയോടെ അഡൂർ റിസർവ് ഫോറസ്റ്റിൽപ്പെട്ട വെള്ളക്കാന ഐവർക്കുഴിയിലാണ് സുധാകരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി ആറിന് വൈകുന്നേരം ആറര മണിക്ക് സംഭവസ്ഥലത്തുവെച്ച് പ്രതി കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു.
ദൃക്സാക്ഷികളില്ലാത്ത ഈ കേസിൽ ശാസ്ത്രീയ തെളിവുകളും, സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത ചിതാനന്ദൻ്റെ രക്തം പുരണ്ട പ്രതിയുടെ തോർത്തും, പ്രതിയുടെ ദേഹത്ത് കണ്ട പരിക്കുകളും കേസിൽ നിർണായക തെളിവുകളായി. കൊല്ലപ്പെട്ട ദിവസം മുമ്പ് സംഭവസ്ഥലത്തു വച്ച് ചിതാനന്ദനെയും പ്രതിയെയും ഒരുമിച്ചു കണ്ട ദിനേശൻ, നാഗേഷ് എന്നിവരുടെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് ബലം നൽകി.
പ്രതിയായ ഗണപ്പനായക് മുമ്പ് മറ്റൊരു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്നും ഇറങ്ങി ഒന്നര വർഷത്തിനുള്ളിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ചിതാനന്ദൻ പ്രതിയുടെ കവുങ്ങിൻ തോട്ടത്തിൽ നിന്ന് അടക്കമോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പ്രോസിക്യൂഷൻ കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ആദൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് എംഎ മാത്യു, എ വി ജോൺ എന്നീ സർകിൾ ഇൻസ്പെക്ടർമാരും അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് സർകിൾ ഇൻസ്പെക്ടർ ആയിരുന്ന കെ പ്രേംസദനുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂടർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
#KeralaCrime #ForestMurder #JusticeForVictim #KasaragodNews #IndianNews