Drug Case | പ്ലകാര്‍ഡ് പിടിച്ച് കവലയില്‍ നില്‍ക്കണമെന്ന കോടതി വിധിയിലെ നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എംഡിഎംഎ കേസിലെ പ്രതി അപീല്‍ നല്‍കി

● കോടതി ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.
● 2024 ലാണ് ഹൊസ്ദുര്‍ഗ് പൊലീസ് 3.06 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.
● പലപ്രാവശ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു.
കാസര്‍കോട്: (KasargodVartha) എംഡിഎംഎ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന പ്രതി, ജാമ്യം ലഭിക്കുന്നതിന് കോടതി മുന്നോട്ടുവെച്ച വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ജില്ലാ കോടതിയില്‍ അപീല്‍ നല്‍കി. പൊതുജനമധ്യത്തില്‍ അഞ്ചു ദിവസം ലഹരിക്കെതിരെ പ്ലകാര്‍ഡുമായി നില്‍ക്കണമെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാണ് പ്രതിയുടെ ആവശ്യം. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ സഫ്വാന്‍ (29) ആണ് കോടതിയെ സമീപിച്ചത്.
കാസര്‍കോട് ജില്ലാ കോടതി ജാമ്യം നല്‍കുന്നതിനായി നിര്‍ദേശിച്ച ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. 2024 മെയ് 18ന് ഹൊസ്ദുര്‍ഗ് പൊലീസ് ആണ് 3.06 ഗ്രാം എംഡിഎംഎയുമായി സഫ്വാനെ അറസ്റ്റ് ചെയ്തത്. ഇതിനുശേഷം പ്രതി എട്ടു മാസത്തോളമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. പലപ്രാവശ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു. കഴിഞ്ഞ ജനുവരി 16ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു കോടതി ജാമ്യം ലഭിക്കുന്നതിന് ശ്രദ്ധേയമായ ഉപാധി മുന്നോട്ട് വെച്ചത്.
'നിങ്ങള്‍ മദ്യവും ലഹരിയും വര്‍ജിക്കുക, ലഹരിവഴി നിങ്ങള്‍ക്ക് നഷ്ടമാകുന്നത് നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയുമാണ്' എന്ന് എഴുതിയ പ്ലകാര്‍ഡ് പിടിച്ച് അഞ്ചു ദിവസം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തുവേണം അഞ്ചു ദിവസവും നില്‍ക്കാനെന്നും കോടതി വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നില്‍ക്കണമെന്നായിരുന്നു ഉപാധി. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതി പ്ലകാര്‍ഡ് പിടിച്ചുനില്‍ക്കുന്ന വീഡിയോ ചിത്രീകരിച്ച് കോടതിക്ക് നല്‍കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥ കടുത്ത നടപടിയാണെന്ന് കാസര്‍കോട് ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈകോടതി ജഡ്ജ് വാക്കാല്‍ ജില്ലാ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് അറിയുന്നത്. ജഡ്ജിന്റെ നിര്‍ദേശപ്രകാരമാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ അപീല്‍ നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.
ജില്ലാ ജഡ്ജ് അവധിയിലായതിനാല്‍ അപീല്‍ തിങ്കളാഴ്ച പരിഗണനയ്ക്ക് എടുത്തില്ല. ചൊവ്വാഴ്ച ജില്ലാ ജഡ്ജ് എത്തിയ ശേഷം അപീല്‍ പരിഗണിക്കും. ജാമ്യവ്യവസ്ഥ പാലിക്കുന്നത് സംബന്ധിച്ച് റിപോര്‍ട് നല്‍കുന്ന കാര്യത്തില്‍ കാത്തിരിക്കണമെന്ന് ജില്ലാ ജഡ്ജ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം യുവാവ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്.
#BailConditions #DrugCase #KeralaNews #Justice #UnusualBail #Protest