Assault | വാടക വീട്ടിലേക്ക് മാറാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കഴുത്തിന് കുത്തി പരുക്കേൽപ്പിച്ചതായി പരാതി; 'തടയാൻ ശ്രമിക്കുന്നതിനിടെ മാതാവിനും സഹോദരിക്കും പരുക്ക്'
● ശാരിക എന്ന സ്ത്രീക്കാണ് പരിക്കേറ്റത്.
● പൊലീസ് വധശ്രമത്തിന് കേസെടുത്തു.
● ഹോസ്ദുർഗ് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്
നീലേശ്വരം: (KasargodVartha) സ്വന്തം വീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് മാറാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചതായി പരാതി. തടയാൻ ശ്രമിച്ച ഭാര്യയുടെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റതായും പരാതിയിൽ പറയുന്നു. പുതുക്കൈ ഭൂദാനം കോളനിയിലെ ശാരിക (36) ആണ് അക്രമത്തിന് ഇരയായത്.
ഭർത്താവ് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മനോജ് ആണ് അക്രമം നടത്തിയതെന്ന് ശാരിക പൊലീസിന് നൽകി. ശാരികയുടെ കഴുത്തിന് കുത്തേറ്റപ്പോൾ തടയാൻ ശ്രമിച്ചപ്പോഴാണ് മാതാവ് പ്രമീളയ്ക്കും സഹോദരി ശരണ്യയ്ക്കും പരിക്കേറ്റതെന്നും പരാതിയിൽ വ്യക്തമാക്കി. മൂവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ശാരികയുടെ ഭൂദാനം കോളനിയിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. മനോജിന്റെ കൂടെ ചെങ്കളയിലെ വാടക വീട്ടിലേക്ക് പോകാൻ തയ്യാറാകാത്തതാണ് അക്രമത്തിന് കാരണമെന്നും പ്രകോപിതനായ മനോജ്, അരയിൽ ഒളിപ്പിച്ച പേന കത്തിയെടുത്ത് നിന്നെ കൊന്നിട്ട് ഞാനും ചാകും എന്ന് ആക്രോശിച്ച് കഴുത്തിന് കുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മനോജിനെതിരെ ഹൊസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#DomesticViolence #KeralaCrime #Assault #Nileshwaram #CrimeNews #WomensSafety