Arrest | പിറന്നാൾ ആഘോഷത്തിനിടെ യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; പിടികൂടിയത് ഗോവയിലെ റിസോര്‍ടിൽ നിന്നെന്ന് പൊലീസ്
● 'പിറന്നാൾ ആഘോഷത്തിനിടെ മാരകായുധങ്ങളുമായി ആക്രമണം'
● 'എറണാകുളത്തെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം'
● കേസിൽ അറസ്റ്റിലായവർ നാലായി
കാസര്‍കോട്: (KasargodVartha) പിറന്നാൾ ആഘോഷത്തിനിടെ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പ്രതികളെ പൊലീസ് പൊക്കി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഫ്‌സല്‍, നൗശാദ്, റാസിഖ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ എംടിപി സൈഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. ഗോവയിലെ റിസോര്‍ടിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ ശാഫിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇട്ടമ്മല്‍ ഇഖ്ബാല്‍ സ്‌കൂളിന് സമീപത്തെ കെ സി ഫസല്‍ (40), ഭാര്യ ഹസീന (35) എന്നിവരുടെ പരാതിയിലാണ് കേസ്. പരാതിക്കാരനായ ഫസലിന്റെ ആറങ്ങാടിയിലെ അമ്മാവന്റെ വീട്ടില്‍ നടന്ന പിറന്നാൾ ആഘോഷ പരിപാടിക്കിടയിലായിരുന്നു സംഭവം നടന്നത്.
മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഒന്നാം പ്രതി അഫ്‌സലിന്റെ അടുത്ത ബന്ധുവായ ഒരാള്‍ എറണാകുളത്ത് എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ടത് നാട്ടില്‍ പറഞ്ഞു പരത്തിയെന്ന് ആരോപിച്ചാണ് അക്രമമെന്നു പറയുന്നു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ ടി അനില്‍, ഷൈജു വെള്ളൂര്‍, സനീഷ്, അനൂപ് എന്നിവർ ഉണ്ടായിരുന്നു.
#KasaragodAttack #BirthdayPartyAttack #Arrest #Goa #Crime #Kerala