Arrest | പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമം; കാർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കത്തികളും വടിവാളും മുഖംമൂടിയും; യുവാവ് അറസ്റ്റിൽ
● കുമ്പള ബന്തിയോട്-പെർമുദെ റോഡിലെ ഗോളിനടുക്കയിലാണ് സംഭവം
● ആംസ് ആക്ട് പ്രകാരം കേസെടുത്തു
● കർണാടക സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്
കുമ്പള: (KasargodVartha) ബന്തിയോട്-പെർമുദെ റോഡിലെ ഗോളിനടുക്കയിൽ പൊലീസിനെ കണ്ട് അമിതവേഗതയിൽ രക്ഷപ്പെടാൻ ശ്രമിച്ച കാർ പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ അതിൽ നിന്ന് കത്തികൾ, വടിവാൾ, മുഖംമൂടി, കയ്യുറകൾ എന്നിവ കണ്ടെത്തി. സംഭവത്തിൽ കർണാടക ബണ്ട് വാളിലെ ആദി ജോക്കിൻ കാസ്റ്റിലിനോ എന്ന യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കർണാടക രജിസ്ട്രേഷനിലുള്ള കാർ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. പൊലീസ് വാഹനം കണ്ടതോടെ കാർ ഓടിച്ച് പോകാൻ ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് വാഹനം കാറിനെ മറികടന്ന് റോഡ് ബ്ലോക് ചെയ്യുകയായിരുന്നുവെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു.
കാർ ഓടിച്ചിരുന്ന യുവാവിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ മാറ്റിനടിയിൽ നിന്ന് വടിവാളും, ഡാഷ്ബോർഡിൽ നിന്ന് കയ്യുറകളും മുഖംമൂടിയും, ഡിക്കിയിൽ നിന്ന് കത്തികളും കണ്ടെത്തിയത്. യുവാവിനെ ആംസ് ആക്ട് പ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്. എസ്ഐ ശ്രീജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു, ഡ്രൈവർ കൃഷ്‌ണപ്രസാദ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
#Kasargod #arrest #weapons #carchase #police #Kerala #India #crime