Arrest | മാരക ലഹരിമരുന്നുമായി യുവാവിനെ ബസിൽ വെച്ച് പിടികൂടി
ലഹരി വ്യാപനം തടയാൻ പൊലീസ് ശ്രമം ശക്തമാക്കിയിരിക്കുകയാണ്.
മഞ്ചേശ്വരം: (KasargodVartha) മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് ബസിൽ നിന്ന് പിടികൂടി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ അസീസിനെ (27) യാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. 63 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ കുഞ്ചത്തൂരിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് വെച്ച് മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തതായി സ്ഥലത്തുണ്ടായിരുന്നവർ വെളിപ്പെടുത്തുന്നുണ്ടെങ്കിലും പൊലീസ് അങ്ങനെ ഒരു കാര്യം നിഷേധിക്കുന്നു. നാര്‍കോടിക് സെല്‍ ഡിവൈഎസ്പി എസ് ചന്ദ്രകുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ ജോസഫും സംഘവുമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
പൊലീസ് സംഘത്തില്‍ സിപിഒമാരായ സജിത്ത്, രഘു, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്ഐ അബൂബകര്‍ കല്ലായി, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, ജിനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നികേഷ്, ഷാജേഷ്, നിഖില്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ നാരായണന്‍ നായര്‍, എസ്എസ്ഐ ഷാജു എന്നിവരും ഉണ്ടായിരുന്നു. ലഹരി വ്യാപനം തടയാൻ പൊലീസ് ശ്രമം ശക്തമാക്കിയിരിക്കുകയാണ്.