Arrested | 6 മാസത്തേക്ക് കാസർകോട്ട് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന യുവാവ് കാലാവധി തീരും മുമ്പേ നാട്ടിൽ; അറസ്റ്റ് ചെയ്‌ത് പൊലീസ്
മൊബൈൽ ഫോൺ നമ്പർ സൈബർ സെൽ മുഖേന പരിശോധിച്ചപ്പോൾ ലൊകേഷൻ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാണിച്ചിരുന്നു
മഞ്ചേശ്വരം : (KasaragodVartha) കാപ കേസിൽ അറസ്റ്റിലായി ആറ് മാസത്തേക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്ന യുവാവ് വിലക്ക് ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് വീണ്ടും അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ആരിഫ് (31) ആണ് പിടിയിലായത്.
ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് കാപ നിയമപ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ 21 മുതൽ ആറ് മാസത്തേക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആരിഫിനെ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം യുവാവിന്റെ നീക്കങ്ങൾ അറിയുന്നതിനായി പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ നമ്പർ സൈബർ സെൽ മുഖേന പരിശോധിച്ചപ്പോൾ ലൊകേഷൻ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാണിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ ക്വാർടേഴ്സിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. ആരിഫിനെതിരെ ഐപിസി 5(4), കാപ നിയമം 19 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.