Arrest | ശൈമയുടെ മരണം: ഒരുമാസത്തിലധികമായി ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍
● ഒക്ടോബര്‍ 15നാണ് ശൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
● ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നാണ് പരാതി.
● പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു.
ബേക്കൽ: (KasargodVartha) ബോവിക്കാനം പൊവ്വല്‍ ബെഞ്ച് കോര്‍ടിന് സമീപത്തെ ശൈമ എന്ന ഹലീമ (35) താമസ സ്ഥലത്തെ ശുചിമുറിയിൽ തൂങ്ങിമരിച്ച കേസില്‍ വാച് കട ഉടമയായ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍കോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കട നടത്തുന്ന ജഅഫറി (40) നെയാണ് മൂന്ന് ദിവസം മുമ്പ് അന്വേഷണം ഏറ്റെടുത്ത ബേക്കല്‍ ഡിവൈ എസ് പി വി വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരു മാസത്തിലധികമായി ഒളിവിലായിരുന്ന ജഅഫറിൻ്റെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം ഓൺ ആയതോടെ പൊലീസിന് തിരുവനന്തപുരത്തെ ടവർ ലൊകേഷൻ ലഭിക്കുകയും തിരുവനന്തപുരം ശ്രീകാര്യത്ത് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് വെച്ച് പിടിയിലായ ജഅഫറിനെ വ്യാഴാഴ്ച രാവിലെ ബേക്കൽ ഡിവൈഎസ്പി ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വിശദമായി ചോദ്യം ചെയ്ത ശേഷം ജഅഫറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ബേക്കൽ ഡിവൈ എസ് പി വിവി മനോജ് കാസർകോട് വാർത്തയോട് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് രാത്രിയാണ് ശൈമയെ വാടക വീട്ടിലെ ശുചി മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വയസിനു താഴെയുള്ള അഞ്ചു പെൺമക്കളാണ് ഇവർക്കുള്ളത്. ശൈമ മരിച്ച ദിവസം തന്നെ ജഅഫര്‍ ഒളിവില്‍ പോവുകയായിരുന്നു.
കര്‍ണാടക, സുള്ള്യ, ജയനഗര്‍ സ്വദേശിനിയായ ശൈമ മാനസീകമായും ശാരീരികമായും ക്രൂരമായ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു.
ഭര്‍ത്താവിന്റെ കൊടിയ പീഡനവും മർദനവും മാനസിക പീഡനവും സഹിക്കവയ്യാതെ ശൈമ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ ബന്ധുക്കൾ കൊലപാതകമാണെന്നാണ് ആരോപിച്ചിരുന്നത്.
മരണകാരണം വിവരിച്ച് കൊണ്ടുള്ള കുറിപ്പ് പാഡിനുള്ളിലാക്കി ശൈമ രഹസ്യ ഭാഗത്താണ് സൂക്ഷിച്ചിരുന്നത്. ഭർത്താവ് കണ്ടാൽ നശിപ്പിക്കുമെന്നതിനാലാണ് രഹസ്യമായി സൂക്ഷിച്ചതെന്നാണ് കരുതുന്നത്. വനിതാ പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റിലാണ് കുറിപ്പ് കണ്ടെത്തിയിരുന്നത്. യുവതിയെ സംശയിച്ച് ജഅഫർ ക്വാർടേഴ്സിൽ സിസിടിവി കാമറയും സ്ഥാപിച്ചിരുന്നതായി പറയുന്നുണ്ട്.
ജഅഫർ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഹൈകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിനിടെയാണ് അറസ്റ്റിലായത്.
#KasaragodNews #CrimeNews #DomesticViolence #JusticeForShaima #WomenSafety #KeralaNews