POCSO Case | 'നിർത്തിയിട്ട കാറിൻ്റെ ചില്ല് തകർത്ത് ബാഗും ഫോണും മോഷ്ടിച്ച് മുങ്ങിയ പ്രതി പോക്സോ കേസിൽ പിടിയിൽ'
● നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നവാസ് എന്ന് പൊലീസ് പറഞ്ഞു.
● വ്യാഴാഴ്ച രാവിലെയാണ് നഗരത്തിലെ സബ് ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് മോഷണം നടന്നത്.
● പെൺകുട്ടി ഉടൻ തന്നെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കാസർകോട്: (KasargodVartha) നഗരത്തിൽ നിർത്തിയിട്ട കാറിൻ്റെ സൈഡ് ഗ്ലാസ് തകർത്ത് ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച് രക്ഷപ്പെട്ട ശേഷം പിന്നീട് മറ്റൊരു സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബദിയടുക്ക പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പി എം നവാസിനെ (40) യാണ് വനിത പൊലീസ് സ്റ്റേഷൻ എസ്ഐ കെ അജിതയും സംഘവും അറസ്റ്റ് ചെയ്തത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നവാസ് എന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് നഗരത്തിലെ സബ് ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് മോഷണം നടന്നത്. അണങ്കൂരിലെ ശിവശൈലത്തിൽ കെ സുകുമാരന്റെ (64) ഉടമസ്ഥതയിലുള്ള കെഎൽ 60 ജെ 7632 എന്ന കാറിന്റെ സൈഡ് ഗ്ലാസ് തകർത്താണ് ബാഗും മൊബൈൽ ഫോണും മോഷ്ടിച്ചത്. രാവിലെ പത്തരക്കും പതിനൊന്ന് മണിക്കുമിടയിലാണ് ഈ സംഭവം നടന്നത്. തുടർന്ന് സുകുമാരൻ പൊലീസിൽ പരാതി നൽകിയിരുന്നു.
അന്നേദിവസം തന്നെ ഉച്ചയ്ക്ക് കാസർകോട് നഗരത്തിൽ വെച്ചാണ് പ്ലസ് ടു വിദ്യാർഥിനിയെ നവാസ് കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ഉടൻ തന്നെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#CarTheft, #POCSO, #Kasargod, #PoliceArrest, #CrimeNews, #MinorAssault