Arrested | 'ഐസ്ക്രീം ബോളിൽ ആസിഡ് നിറച്ച് ഭാര്യക്കും മകനും നേരെ ആക്രമണം'; ഗൃഹനാഥൻ അറസ്റ്റിൽ
ചിറ്റാരിക്കാൽ: (KasaragodVartha) ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയെന്ന കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി വി സുരേന്ദ്ര നാഥാണ് (55) അറസ്റ്റിലായത്. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ ഇദ്ദേഹത്തിൻ്റെ മകൻ പി വി സിദ്ധുനാഥിനെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ ആശ ഓടിമാറിയതിനാൽ ആസിഡ് വീണ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
കുടുംബ വഴക്കിനെ തുടർന്ന് വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഐസ്ക്രീം ബോളിൽ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നുവെന്നാണ് പരാതി. ഭാര്യ തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും തൊട്ടടുത്ത് ഉണ്ടായിരുന്ന മകന്റെ പുറത്ത് പതിക്കുകയായിരുന്നു.
പ്രതി സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയുടെ ചാരിത്ര ശുദ്ധിയിൽ ഉണ്ടായ സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് സൂചിപ്പിച്ചു. ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതി സ്ഥിരമായി ഭാര്യയെ മർദിക്കാറുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.