Arrested | 'പട്ടാപ്പകൽ വീട്ടിൽ കവർച്ച നടത്തി രക്ഷപ്പെട്ട യുവാവ് 12 മണിക്കൂറിനകം അറസ്റ്റിലായി'
നീലേശ്വരം: (KasargodVartha) പട്ടാപ്പകൽ വീട് കവർച്ച നടത്തി സ്വർണവും പണവുമായി കടന്നുകളഞ്ഞെന്ന കേസിൽ പ്രതി 12 മണിക്കൂറിനകം അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഏഴുകോൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അഭിരാജിനെ (29) യാണ് കോഴിക്കോട് വെച്ച് നീലേശ്വരം പൊലീസ് നടത്തിയ സമർഥമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.
ഓടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയ സെക്രടറി ഒ വി രവീന്ദ്രൻ്റെ ചിറപ്പുറം ആലിൻകീഴ് മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. 20പവൻ സ്വർണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഇവ പ്രതിയിൽ നിന്നും വീണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യം ലഭിച്ചതാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്.
രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാൽ കക്കാട് ഗവ. ഹയർ സെകൻഡറി സ്കൂളിലേക്ക് പോയ സമയത്താണ് പ്രതി കവർച്ചയ്ക്കായി എത്തിയത്. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന രവീന്ദ്രന്റെ മകൾ രമ്യയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ചാളക്കടവ് ഒഴിഞ്ഞാല തറവാട്ടിൽ അടുത്തിടെ നടന്ന കളിയാട്ടത്തിന്റെ ഭണ്ഡാരം വരവ് തുകമായ പണവുമാണ് നഷ്ടപ്പെട്ടത്. തറവാട് സെക്രടറി കൂടിയായ രവീന്ദ്രൻ ഭണ്ഡാര പണംവീട്ടിലാണ് സൂക്ഷിച്ചത്.