Crime | ഭജന മന്ദിരത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി വിഗ്രഹവും രുദ്രാക്ഷമാലയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
● കാസർകോട് ജില്ലയിൽ നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടന്നു.
● പൊലീസ് അന്വേഷണം തുടരുന്നു.
● മറ്റ് കവർച്ചകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു.
കാസർകോട്: (KasargodVartha) ജില്ലയിൽ ഏറെ നാളായി നടന്നുവന്ന ക്ഷേത്ര കവർച്ചകളിൽ നിർണായക നീക്കവുമായി പൊലീസ്. നവംബർ നാലിന് പുലർച്ചെ മാന്യയിലെ അയ്യപ്പ ഭജന മന്ദിരത്തിൽ നിന്നും ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി വിഗ്രഹവും രുദ്രാക്ഷമാലയും കവർച്ച ചെയ്ത കേസിൽ ഒരാൾ പൊലീസ് പിടിയിലായി. കർണാടക കസബ താലൂകിലെ ഇബ്രാഹിം കലന്തർ എന്ന കെ ഇബ്രാഹിമിനെ (42) യാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
ബദിയടുക്ക നെല്ലികട്ട ശ്രീ നാരായണ ഗുരു മന്ദിരത്തിലും, മാന്യ ജെഎഎസ്ബി സ്‌കൂളിന് സമീപത്തെ ശ്രീ അയ്യപ്പ ഭജനാ മന്ദിരത്തിലുമാണ് നവംബർ നാലിന് പുലർച്ചെ കവർച്ച നടന്നത്. നെല്ലികട്ട ശ്രീ നാരായണ ഗുരു മന്ദിരത്തിൽ നിന്നും ശ്രീകോവിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരം കുത്തി തുറന്ന് 20000 രൂപ കവരുകയായിരുന്നു. കൂടാതെ ക്ഷേത്രം ഓഫീസിൻ്റെ പുട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച 10,000 രൂപയുടെ നാണയങ്ങളും കൈക്കലാക്കി.
അയ്യപ്പ ഭജന മന്ദിരത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ശ്രീകോവിലിനകത്തുണ്ടായിരുന്ന വെള്ളിയിൽ തീർത്ത പിത്തളയിൽ ഫ്രെയിം ചെയ്ത വിഗ്രഹവും സ്വർണത്താലിയോടുകൂടിയ വെള്ളി രുദ്രാക്ഷ മാലയും കാണിക്ക വഞ്ചിയിലെ പണവുമാണ് കവർന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ ഇബ്രാഹിം കലന്തർ നെല്ലിക്കട്ട ഗുരുദേവ ക്ഷേത്രം, പൊയ്നാച്ചി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും നടന്ന കവർച്ചകളിൽ പങ്കാളിയായിരുന്നതായി കണ്ടെത്തി.
മഞ്ചേശ്വരം മജീർപ്പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച കവർച്ചയ്ക്കെത്തിയ സംഘത്തിൽ നിന്ന് രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. കർണാടക സ്വദേശികളായ ഫൈസൽ, തുംകൂർ, കച്ചേരി മൊഗല്ലിയിലെ സയ്യിദ് അമാൻ എന്നിവരെയാണ് അന്ന് പിടികൂടിയത്. എന്നാൽ, മറ്റ് നാല് പേർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരിൽ ഒരാളാണ് ഇപ്പോൾ അറസ്റ്റിലായ ഇബ്രാഹിം കലന്തർ എന്നാണ് സൂചന. രക്ഷപ്പെട്ട മൂന്ന് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കാസർകോടിൻ്റെ വിവിധ ഭാഗങ്ങളിൽ കവർച്ചാ സംഘം കുറെ നാളുകളായി നാട്ടുകാർക്കും പൊലീസിനും തലവേദന സൃഷ്ടിച്ചു വരികയായിരുന്നു.
#templetheft #Kerala #arrest #Kasaragod #crime