Arrest | 'സുഹൃത്തിന്റെ ഭാര്യയില്‍ നിന്നും കടം വാങ്ങിയ സ്വര്‍ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടി'; യുവാവ് പൊലീസ് പിടിയില്‍

● തോട്ടില്‍ തുണി കഴുകുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് പൊട്ടിച്ചത്.
● 2024 സെപ്റ്റംബര്‍ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● മോഷണമുതലായ മാല ഉരുക്കിയ നിലയില്‍ കണ്ടെടുത്തു.
/ സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (KasargodVartha) സുഹൃത്തിന്റെ ഭാര്യയില്‍ നിന്ന് കടം വാങ്ങിയ സ്വര്‍ണം പണയം വെച്ച ശേഷം അത് തിരിച്ചെടുക്കാന്‍ വേണ്ടി മറ്റൊരു സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയെന്ന കേസില്‍ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷാജി (30) ആണ് അറസ്റ്റിലായത്. തോട്ടില്‍ തുണി കഴുകുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല പട്ടാപ്പകല്‍ പൊട്ടിച്ചോടിയ കള്ളനെ മൂന്നുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി കെ. മുകുന്ദന്‍ വിവരിക്കുന്നത് ഇങ്ങനെ: 2024 സെപ്റ്റംബര്‍ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാലോം കാര്യോട്ട് ചാലിലെ അരുണ്‍ ജോസിന്റെ ഭാര്യ മഞ്ജു ജോസ് രാവിലെ പത്തുമണിയോടെ വീടിനടുത്തുള്ള തോട്ടില്‍ തുണി കഴുകാന്‍ പോയ സമയത്ത് മീന്‍ പിടിക്കാന്‍ എന്ന വ്യാജേന എത്തിയ ഷാജി, മഞ്ജുവിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. മഞ്ജു ബഹളം വെച്ചപ്പോഴേക്കും ഷാജി മാലയുമായി ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് ഷാജി മാലക്കല്ലിലെ ഒരു ജ്വല്ലറിയില്‍ എത്തി മാല വിറ്റ് മുക്കാല്‍ പവന്‍ തൂക്കം വരുന്ന മറ്റൊരു സ്വര്‍ണമാല വാങ്ങി. ഈ മാല മറ്റൊരു സ്ത്രീക്ക് നല്‍കി. ഷാജി നേരത്തെ ഈ സ്ത്രീയുടെ മാല വാങ്ങി ബാങ്കില്‍ പണയം വെച്ചിരുന്നു. അത് തിരിച്ചുകൊടുക്കാനാണ് മഞ്ജുവിന്റെ മാല മോഷ്ടിച്ചത്. കഴുത്തില്‍ നിന്നും മാല പൊട്ടിച്ചോടിയതിന് പിന്നാലെ മഞ്ജു ജോസ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്നുമുതല്‍ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായകമായത്. പരാതിക്കാരിയായ മഞ്ജു ജോസ് മോഷ്ടാവിനെക്കുറിച്ച് പൊലീസിന് നല്‍കിയ വിവരങ്ങളും നിര്‍ണായകമായി.
തിങ്കളാഴ്ച രാവിലെ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ അരുണ്‍ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷാജിയുടെ വീട്ടിലെത്തി. സൗഹൃദ സംഭാഷണം നടത്തിയശേഷം സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ പെരുമാറ്റം കണ്ട് മറ്റൊന്നും ആലോചിക്കാതെ ഷാജി വാഹനത്തില്‍ കയറി സ്റ്റേഷനിലേക്ക് വന്നു. സ്റ്റേഷനില്‍ വെച്ച് മാലമോഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യമൊക്കെ അതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്ന നിലപാടില്‍ ഷാജി ഉറച്ചുനിന്നു. എന്നാല്‍ എസ്‌ഐ അരുണ്‍ മോഹന്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഓരോന്നായി നിരത്തിയപ്പോള്‍ ഷാജി കുറ്റം സമ്മതിക്കുകയുമായിരുന്നു'.
പ്രതി ഷാജിയെ പരാതിക്കാരി തിരിച്ചറിഞ്ഞതായും ഇയാളുടെ മൊഴി പ്രകാരം മാലക്കല്ലിലെ ജ്വല്ലറിയില്‍ എത്തിച്ച് മോഷണമുതലായ മാല ഉരുക്കിയ നിലയില്‍ കണ്ടെടുത്തതായും എസ്‌ഐ അരുണ്‍ മോഹന്‍ പറഞ്ഞു. ഷാജിക്ക് മുന്‍പും മറ്റു മോഷണക്കേസുകളില്‍ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റു നടപടിക്രമങ്ങള്‍ക്കു ശേഷം ഷാജിയെ കോടതിയില്‍ ഹാജരാക്കും. എസ്‌ഐ രാജന്‍, എഎസ്‌ഐമാരായ കെ പ്രേമരാജന്‍, എംടിപി നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് എം, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
#Theft, #Arrest, #Kerala, #Crime, #Police, #Vellarikkundu