Arrest | കലോത്സവത്തിന്റെ അവസാന ദിവസം തളങ്കര ഗവ. സ്‌കൂളിൽ അക്രമം അഴിച്ചുവിട്ടുവെന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
● 'സ്‌കൂൾ ഓഫീസ് തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു'
● ഒക്ടോബർ ഒമ്പതിനാണ് അക്രമം നടന്നത്.
● 20-ഓളം പേർ ചേർന്നാണ് അക്രമം നടത്തിയത്.
കാസർകോട്: (KasargodVartha) കലോത്സവത്തിന്റെ അവസാന ദിവസം തളങ്കര ഗവ. മുസ്ലീം വൊകേഷണൽ ഹയർ സെക്കൻഡറി സ്‌കൂളില്‍ ക്രൂരമായ അക്രമം അഴിച്ചുവിടുകയും മർദിക്കുകയും ചെയ്തുവെന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശഹ്ബാനെ (19) യാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മുഹമ്മദ് ശഹ്ബാന്റെ നേതൃത്വത്തില്‍ 20-ഓളം പേര്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറി പിടിഎ വൈസ് പ്രസിഡന്റിനെയും ഓഫീസ് ജീവനക്കാരനെയും ചീത്ത വിളിക്കുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ ഓഡിറ്റോറിയത്തില്‍ പടക്കം പൊട്ടിക്കുകയും, ഓഫീസ് റൂമിലെ ജനലുകള്‍ തകര്‍ക്കുകയും, ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.
ബിഎൻഎസ് 332(സി), 126(2), 115(2), 296, 351(2), 190 എന്നീ വകുപ്പുകളും പൊതുസ്വത്ത് നാശനഷ്‌ടപ്പെടുത്തുന്നത് തടയൽ ആക്റ്റ് നിയമത്തിലെ 3(1) വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കാസർകോട് ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ശഹ്ബാൻ അറസ്റ്റിലായത്. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
#keralaschoolviolence #kasaragodnews #schoolattack #arrest #vandalism #crime