Arrest | ഭക്ഷണശാലയിൽ തലക്കടിച്ച് യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ
● അമ്പലത്തറയിലെ ഭക്ഷണശാലയിലാണ് അക്രമം നടന്നത്
● കാഞ്ഞങ്ങാട് സ്വദേശിയായ മുഹമ്മദ് ഇജാസിനാണ് പരിക്കേറ്റത്
● പവിത്രൻ എന്നയാളാണ് അറസ്റ്റിലായത്
അമ്പലത്തറ: (KasargodVartha) യുവാവിനെ ഭക്ഷണശാലയിൽ വെച്ച് കസേര കൊണ്ടു തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ പ്രതി അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ മണിയെന്ന പവിത്രനെ (48) യാണ് ഇൻസ്പെക്ടർ ടി ദാമോദരനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ചാലിങ്കാലിലെ അയ്യപ്പ ഭജനമന്ദിരത്തിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ കാഞ്ഞങ്ങാട് ഗുരുവനത്തെ മുഹമ്മദ് ഇജാസിനെ (20) അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ഭക്ഷണ ശാലയിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പ്രതി ഫൈബർ കസേര കൊണ്ട് നെറ്റിക്കും തലക്കും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു.
തലേ ദിവസം അയ്യപ്പ ജനമന്ദിരത്തിൽ നടന്ന കുട്ടികളുടെ കലാപരിപാടിയുടെ വീഡിയോ എടുക്കുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. സാരമായി പരുക്കേറ്റ യുവാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
#Assault, #KeralaCrime, #PoliceAction, #RestaurantViolence, #Arrest, #Ambalathara