city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fraud | അയ്യപ്പ ഭക്തന്റെ ഇരുമുടിക്കെട്ടില്‍ വെച്ച കറന്‍സി കെട്ടില്‍ നിന്നും പണം മാറ്റി കള്ള നോട് വെച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റിലായി

Man arrested for replacing genuine currency with counterfeit notes in an Ayyappa devotee's 'irumudikettu'
Photo Credit: Arranged

● പ്രതിയുടെ വീട്ടിൽ നിന്ന് വ്യാജ കറൻസി അച്ചടിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തി.
● പൊലീസിന്റെ സമഗ്ര അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
● ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബേക്കല്‍: (KasargodVartha) അയ്യപ്പ ഭക്തന്റെ ഇരുമുടിക്കെട്ടില്‍ വെച്ച കറന്‍സി കെട്ടില്‍ നിന്നും പണം മാറ്റി പകരം കള്ളകറന്‍സി വെച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിഷോര്‍ കുമാറിനെ (35) ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ഏതാനും ദിവസം മുമ്പ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞുവന്ന ഒരു യുവാവ് മൊബൈല്‍ ഫോണ്‍ ശരിയാക്കാന്‍ കൊടുത്തിരുന്നു.  ഫോണ്‍ ശരിയാക്കിയതിന് പകരമായി ഇദ്ദേഹം നല്‍കിയത് 500 രൂപയുടെ കള്ളകറന്‍സികളായിരുന്നു. സംശയം തോന്നിയ കടയുടമ വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അയ്യപ്പ ഭക്തനായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളകറന്‍സിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കിഷോര്‍ ആണെന്ന് വ്യക്തമായത്. അയ്യപ്പ ഭക്തന്റെ കയ്യില്‍ വ്യാജകറന്‍സി വന്നത് എങ്ങനെയെന്ന് യാതൊരു തുമ്പും പൊലീസിന് കിട്ടിയിരുന്നില്ല. ശബരിമലയിലേക്ക് കാല്‍നടയായി സഞ്ചരിച്ചാണ് അയ്യപ്പ ഭക്തന്‍ മല കയറി സന്നിധാനത്ത് എത്തിയത്. ശബരിമലയിലേക്ക് പോകുമ്പോള്‍ ചിലവ് ഇനത്തിനായി അകൗണ്ടില്‍ ഉണ്ടായിരുന്ന 10000 രൂപ ഐഡിബിഐ ബാങ്കില്‍ നിന്നും എടുത്തിരുന്നു. 

ഇതിന്റെ സിസിടിവി ദൃശ്യം അടക്കം പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടെ പോയിരുന്ന കിഷോറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പമ്പയില്‍ കുളിക്കാന്‍ പോയിരുന്ന സമയത്ത് അയ്യപ്പ ഭക്തന്റെ ഇരുമുടിക്കെട്ടില്‍ ഉണ്ടായിരുന്ന 10000 രൂപയുടെ കറന്‍സി കെട്ടില്‍ നിന്നും 3500 രൂപ എടുത്ത് പകരം ഏഴ് വ്യാജ കറന്‍സികള്‍ വെക്കുകയായിരുന്നു.

man arrested for replacing currency in ayyappa devotee bag

കിഷോറിന്റെ അടുത്ത ബന്ധു നേരത്തെ മംഗ്‌ളുറു കേന്ദ്രീകരിച്ച് കള്ളകറന്‍സി വിതരണം ചെയ്യുന്ന കാസര്‍കോട്ടെയും കര്‍ണാടകയിലെയും സംഘത്തില്‍പ്പെട്ടവരോടൊപ്പം അറസ്റ്റിലായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ബന്ധുവായ പ്രതി നിരവധി കള്ളകറന്‍സികള്‍ ചിലവഴിക്കുന്നതായി കിഷോറിനെ ഏല്‍പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്'.

ഏല്‍പിച്ച മുഴുവന്‍ കള്ളകറന്‍സികളും കിഷോര്‍ ഇതിനകം ചിലവഴിച്ചിട്ടുള്ളതായി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബേക്കല്‍ ഡിവൈഎസ്പി വിവി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.  ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ് എഗൈന്‍സ്റ്റ് ഓര്‍ഗനൈസ്ഡ് ക്രൈം (SAGOC) സംഘത്തെ കൂടെ അന്വേഷണത്തിന്റെ ഭാഗമാക്കുകയായിരുന്നു. കിഷോറിന്റെ വീട്ടില്‍ കൂടുതല്‍ കള്ളകറന്‍സി ഉണ്ടാകുമോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തി. 

ഇതിനിടയില്‍ കിഷോറിന്റെ മാതാവിനെ ചോദ്യം ചെയ്തു. സെപ്റ്റിക് ടാങ്കിനടുത്ത് എന്തോ കിളച്ചത് പോലെ കണ്ടിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജെസിബി ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് ഇളക്കി മാറ്റി നടത്തിയ പരിശോധനയില്‍ വ്യാജ കറന്‍സി അച്ചടി യന്ത്രത്തിന്റെ ത്രെഡ് അടക്കമുള്ള ഭാഗങ്ങളും മറ്റും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, എസ്‌ഐ സതീശന്‍, എസ്എജിഒസി സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി പ്രമോദ് എന്നിവരാണ് സമഗ്രമായ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി പ്രമോദിന്റെ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Man has been arrested in Bekal for replacing genuine currency with counterfeit notes in the 'irumudikettu' of an Ayyappa devotee. The police investigation led to the discovery of a fake currency printing machine at the accused's residence.

#FakeCurrency #Arrest #Kerala #AyyappaTemple #Scam #Crime

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia