Remanded | പുലി ചത്ത സംഭവത്തിൽ കെണിവെച്ചയാൾ റിമാൻഡിൽ; ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടി തിരച്ചിൽ
പുലിയെ രക്ഷപ്പെടുത്താൻ വയനാട്ടിൽ നിന്നും മയക്കുവെടി വിദഗ്ധരെ വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും, സംഘം എത്തും മുൻപ് തന്നെ പുലി ചാവുകയായിരുന്നു
കാസർകോട്: (KasargodVartha) പാണ്ടി മല്ലംപാറയിൽ കാട്ടുപന്നിയെ പിടിക്കാൻ വച്ച കെണിയിൽ കുടുങ്ങി പുലി ചത്ത സംഭവത്തിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്ത് ഹൊസ്ദുർഗ് ജില്ലാ ജയിലിലേക്ക് മാറ്റി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം ചന്ദ്രശേഖര നായകിനെ (30) യാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജുവും സംഘവും ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കെണി വെക്കാൻ സഹായിയായി ഉണ്ടായിരുന്നതായി പറയുന്ന സുന്ദരൻ എന്നയാൾ ഒളിവിലാണ്.
ചന്ദ്രശേഖരയുടെ വീട്ടിൽ നിന്ന് കുറച്ചകലെയുള്ള ചെന്ന നായക് എന്നയാളുടെ കൃഷിയിടത്തിലാണ് കാട്ടുപന്നിയെ പിടിക്കാൻ കേബിൾ കമ്പി കൊണ്ടുള്ള കെണി വച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന് കുറച്ചകലെ തന്നെയാണ് പുലി കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ട അണ്ണപ്പ നായിക്കിന്റെ റബർ തോട്ടം സ്ഥിതി ചെയ്യുന്നത്. പുലി ആദ്യം ചെന്ന നായികിന്റെ സ്ഥലത്തൊരുക്കിയ കെണിയിൽ വീണിരുന്നു, ഇവിടെ നിന്നും നിരന്ന് നീങ്ങിയ പുലി അണ്ണപ്പ നായികിന്റെ റബർ തോട്ടത്തിലുമെത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് സംഭവം നടന്നത്. പുലിയുടെ അരഭാഗത്താണ് കുരുക്ക് കുടുങ്ങിയത്. അക്രമാസക്തനായ പുലിയെ രക്ഷപ്പെടുത്താൻ വയനാട്ടിൽ നിന്നും മയക്കുവെടി വിദഗ്ധരെ വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും, സംഘം എത്തും മുൻപ് തന്നെ പുലി ചാവുകയായിരുന്നു. ഒളിവിലുള്ളയാൾക്കായുള്ള അന്വേഷണം വനം വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.