Arrest | ഗൃഹനാഥനെ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി; ഒരാൾ അറസ്റ്റിൽ; പ്രതി ബാങ്ക് വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയതായും ആരോപണം
● സെപ്റ്റംബർ 25ന് വൈകീട്ടാണ് സംഭവം നടന്നത്.
● ഒരു സ്ഥാപനത്തിന്റെ വരാന്തയിലും കാറിലുമായിരുന്നു ആക്രമണം'
● കേസിൽ പ്രതികൾ
കുമ്പള: (KasargodVartha) ഗൃഹനാഥനെ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂസയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 25ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിദ്യാനഗർ മുട്ടത്തൊടിയിലെ സുലൈമാനെ (59) കുമ്പളയിൽ നിന്നും മൂസയും സിദ്ദീഖ് എന്നയാളും കൂടി കാറിൽ കയറ്റിക്കൊണ്ടുപോയി തടഞ്ഞുവച്ച ശേഷം പണം ആവശ്യപ്പെട്ടുകൊണ്ട് മർദിച്ചുവെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ബംബ്രാണ ഭാഗത്തെ ഒരു സ്ഥാപനത്തിന്റെ വരാന്തയിലും കാറിലുമായിരുന്നു ആക്രമണം നടന്നതെന്നാണ് പറയുന്നത്.
സുലൈമാന്റെ പരാതിയിൽ ബിഎൻഎസ് 140(3),127(2),115 (2),118 (1),3(5), 351(2) വകുപ്പുകൾ പ്രകാരം കേസെടുത്താണ് കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടാതെ, മൂസ ബാങ്ക് വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് പലരിൽ നിന്ന് പണം തട്ടിയെടുത്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബാങ്ക് മാനജർമാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പരാതിക്കാർ പറയുന്നത്. 50 ഓളം പേരെ ഇയാൾ തട്ടിപ്പിന് ഇരയാക്കിയതായി ആരോപണമുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#kidnapping #assault #arrest #Kumbla #Kerala #crime