Investigation | വനം വകുപ്പ് അറസ്റ്റ് ചെയ്ത യുവാവ് കള്ള തോക്കും തിരയും നിർമിക്കുന്നതിൽ വിദഗ്ധനെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ
വീടിൻ്റെ വിറകുപുരയിൽ സൂക്ഷിച്ച നാടൻ തോക്കിന്റെ തിരയും തോക്കിൻ്റെ പാത്തി ഉൾപെടെയുള്ള മറ്റ് ഭാഗങ്ങളുമായുമാണ് യുവാവിനെ ഫോറസ്റ്റ് അധികൃതർ പിടികൂടിയത്
വെള്ളരിക്കുണ്ട്: (KasargodVartha) കഴിഞ്ഞ ദിവസം വനം വകുപ്പ് അറസ്റ്റ് ചെയ്ത യുവാവ് കള്ള തോക്കും തിരയും നിർമിക്കുന്നതിൽ വിദഗ്ധനെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി വൈശാഖിനെയാണ് (30) കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ കെ രാഹുലും സംഘവും അറസ്റ്റ് ചെയ്തത്.
വീടിൻ്റെ വിറകുപുരയിൽ സൂക്ഷിച്ച നാടൻ തോക്കിന്റെ തിരയും തോക്കിൻ്റെ പാത്തി ഉൾപെടെയുള്ള മറ്റ് ഭാഗങ്ങളുമായുമാണ് യുവാവിനെ ഫോറസ്റ്റ് അധികൃതർ പിടികൂടിയത്. തോക്കിൻ്റെ തിരയും തോക്കിൻ്റെ മറ്റു ഭാഗങ്ങളും വിറക് പുരയിൽ നിന്നും കണ്ടെടുത്തു. പ്രതിയെയും പിടികൂടിയ തോക്കിൻ്റെ ഭാഗങ്ങളും വെള്ളരിക്കുണ്ട് പൊലീസിന് വനം വകുപ്പ് കൈമാറി.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. യുവാവിൻ്റെ വീടിന് സമീപത്തെ വനത്തിൽ നിന്നും ഇരുൾമരം മുറിച്ചതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. തോക്കിൻ്റെ പിടിയും മറ്റും നിർമിക്കാനാണ് യുവാവ് മരം മുറിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തോക്കിൻ്റെ നിർമാണത്തിന് ഉപയോഗിക്കുന്ന എല്ലാ ഭാഗങ്ങളും പിടിച്ചെടുത്തത്.
യുവാവ് നിരവധി പേർക്ക് കള്ള തോക്ക് നിർമിച്ചു നൽകിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെൽഡിംഗ് പഠിച്ച യുവാവ് നിർമിക്കുന്നത് മേൽത്തരം തോക്കുകളായത് കൊണ്ട് ആവശ്യക്കാരായ നിരവധി പേർ യുവാവിനെ സമീപിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. തോക്ക് നിർമാണം മറ്റൊരാളിൽ നിന്നും നോക്കി പഠിച്ചതാണെന്നാണ് യുവാവ് മൊഴി നൽകിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു.
#KeralaNews #CrimeNews #IllegalGun #Arrest #ForestDepartment #Police