Arrest | 'കാസർകോട് സ്വദേശിയെ വിദഗ്ധമായി ചാരിറ്റിയുടെ പേരിൽ തട്ടിപ്പിനിരയാക്കി'; പ്രതി പിടിയിൽ
● വിസ വാങ്ങിത്തരാമെന്ന വാഗ്ദാനം നൽകി പണം തട്ടിയെടുത്തു.
● കണ്ണൂർ ടൗൺ പൊലീസ് മൈസൂരിൽ വച്ച് പ്രതിയെ പിടികൂടി.
● തൃശൂർ എടക്കരയിലെ കെ കുഞ്ഞുമോൻ ആണ് അറസ്റ്റിലായത്.
കണ്ണൂർ: (KasargodVartha) ചാരിറ്റിയുടെ പേരിൽ വിശ്വാസം നേടി കാസർകോട് സ്വദേശിയെ തട്ടിപ്പിനിരയാക്കിയെന്ന കേസിൽ പ്രതിയെ പൊലീസ് പിടികൂടി. തൃശൂർ എടക്കരയിലെ കെ കുഞ്ഞുമോൻ (53) ആണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൈസൂരിൽ വച്ച് പ്രതിയെ പിടികൂടിയത്. മുളിയാറിലെ അൻസാർ ആണ് തട്ടിപ്പിന് ഇരയായത്.
പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം, കാസർകോട്ടെ ഒരു ആരാധനാലയത്തിൽ വച്ച് അൻസാറിനെ പരിചയപ്പെട്ട കുഞ്ഞുമോൻ, അൻസാറിന്റെ വിഷമതകൾ മനസ്സിലാക്കിയ ശേഷം മകന് മസ്കറ്റിൽ 50,000 രൂപ ശമ്പളത്തോടുകൂടിയ ഒരു സൂപർവൈസർ ആയി സൗജന്യമായി വിസ ശരിയാക്കി ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു. വിസ ശരിയാക്കുന്നതിനായി എറണാകുളത്ത് മെഡികൽ പരിശോധന നടത്തേണ്ടതുണ്ടെന്നും, അതിനായി 20,000 രൂപ നൽകണമെന്നും അൻസാറിനോട് ആവശ്യപ്പെട്ടു.
പിന്നീട്, കണ്ണൂരിൽ വച്ച് വിമാന ടികറ്റിന്റെ പേരിൽ 30,000 രൂപ കൂടി കൈക്കലാക്കുകയായിരുന്നു. കൂടാതെ കല്യാണത്തിന് ചാരിറ്റി നടത്തുന്നവരിൽ നിന്നും സ്വർണവും 50,000 രൂപയും തരാമെന്ന് വാഗ്ദാനം ചെയ്ത്, അൻസാറിനോട് നാല് പവൻ സ്വർണവും അതിന്റെ ബില്ലുമായി കണ്ണൂരിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിലെത്തിയ അൻസാറിനോട് തളാപ്പിലെ ആശുപത്രിക്ക് സമീപം വരാൻ ആവശ്യപ്പെട്ട ശേഷം, സ്വർണം കൈക്കലാക്കി ഫോൺ സ്വിച് ഓഫ് ചെയ്ത് പ്രതി മുങ്ങുകയായിരുന്നു'.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകളിലെ പ്രതിയാണ് കുഞ്ഞുമോനെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ടൗൺ എസ്ഐമാരായ അജയൻ, ഷാജി, സജീവൻ, സിപിഒമാരായ നാസർ, സ്നേഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
#KeralaNews #CrimeNews #Fraud #Arrest #CharityScam #Thrissur #Kasaragod