Arrest | 9 പവൻ സ്വർണവും 9 ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ 19കാരൻ അറസ്റ്റിൽ; 'പിടിയിലായത് നിരവധി കവർച്ച കേസുകളിലെ പ്രതി'
വീടിന്റെ മുകൾ നിലയിലുള്ള കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് ലോകർ കടത്തിക്കൊണ്ട് പോവുകയായിരുന്നു
മഞ്ചേശ്വരം: (KasaragodVartha) മച്ചമ്പാടി സി എ നഗറിലെ ഇബ്രാഹിം ഖലീൽ എന്നയാളുടെ വീട്ടിൽ നിന്നും ഒമ്പത് പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും റാഡോ വാചും രേഖകളും കവർച്ച ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഫ്‌റാസ് (19) ആണ് അറസ്റ്റിലായത്.
വീട്ടുകാർ വീട് പൂട്ടി വിദേശത്ത് പോയപ്പോഴായിരുന്നു മോഷണം നടന്നത്. പ്രതി വീടിന്റെ മുകൾ നിലയിലുള്ള കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് ലോകർ കടത്തിക്കൊണ്ട് പോവുകയായിരുന്നു. ലോകറിലാണ് സ്വർണവും പണവും രേഖകളും ഉണ്ടായിരുന്നത്.
അഫ്‌റാസിനെതിരെ കുമ്പള, മഞ്ചേശ്വരം, കർണാടകയിലെ ഹസൻ, കൊണാജെ പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകൾ നിലവിലുള്ളതായി മഞ്ചേശ്വരം പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു