Cybercrime | 'സാമൂഹ്യ മാധ്യമം വഴി സൗഹൃദം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി; കാസർകോട് സ്വദേശിയെ ഭീഷണിപ്പെടുത്തി തട്ടിയത് 10 ലക്ഷം രൂപ'; ഒടുവിൽ പ്രതി അറസ്റ്റിൽ

● കർണാടക സ്വദേശി അശ്വത് ആചാര്യ (33) ആണ് പിടിയിലായത്
● ഇയാൾ യക്ഷഗാന കലാകാരനാണെന്ന് പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്.
● പ്രതി മറ്റ് പലരെയും ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു.
ബദിയഡുക്ക: (KasargodVartha) സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് സൗഹൃദം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി പണം തട്ടിയെന്ന കേസിൽ പ്രതിയെ ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കോളം സ്വദേശിയായ അശ്വത് ആചാര്യ (33) ആണ് പിടിയിലായത്. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനെ കബളിപ്പിച്ച് 10,05,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: '2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശ്വത് ആചാര്യ ഫേസ്ബുക് വഴി യക്ഷഗാന കലാകാരനാണെന്ന് പരിചയപ്പെടുത്തി യുവാവുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് മൊബൈൽ ഫോൺ നമ്പർ കൈമാറുകയും വീഡിയോ കോളുകളിലൂടെയും അല്ലാതെയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തു.
തുടർന്ന് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. പല തവണകളായി 10 ലക്ഷത്തിലധികം രൂപ യുവാവ് അയച്ചു നൽകി. ഭീഷണി തുടർന്നതോടെ യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കാസർകോട് ഡിവൈഎസ്‌പിയുടെ നിർദേശപ്രകാരം മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടാൻ കർണാടകയിലേക്ക് തിരിച്ചു.
2025 ഫെബ്രുവരി അഞ്ചിന് പുലർച്ചെ പ്രതിയെ അതിവിദഗ്ദമായി പിടികൂടി ബദിയഡുക്ക പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അശ്വത് ആചാര്യ കുറ്റം സമ്മതിച്ചു. പ്രതി മറ്റ് പലരെയും സമാന രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. കാസർകോട് ഡിവൈഎസ്‌പി സി കെ സുനിൽ കുമാർ, മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ അനൂപ് കുമാർ, എസ് സി പി ഒ മധു,അബ്ദുൽ സലാം, സി പി ഒ സന്ദീപ്, വിജയൻ, അശ്വന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
A man has been arrested in connection with a case of blackmail and fraud. The accused befriended a youth on social media, obtained his nude photos, and then extorted over 10 lakh rupees. The accused, a native of Karnataka, was arrested by the Badiyadukka police.
#cybercrime #blackmail #fraud #socialmedia #arrest