Arrest | ഉറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതിന് പ്രതികാരം! യുവതിയുടെ വീടിന് തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ
മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് വെച്ചാണ് പിടികൂടിയത്
മഞ്ചേശ്വരം: (KasaragodVartha) ഉറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതിന് പ്രതികാരമായി വീടിന് തീയിട്ട് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിലായി. വയനാട് ജില്ലയിലെ ശിവകുമാർ (42) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് ഉദ്യോവാർ ഗുത്തുവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊറഗപ്പയുടെ മകൾ ശശികല (36) യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശശികലയുടെ വീട്ടിലേക്ക് പെട്രോൾ നിറച്ച കുപ്പിയുമായി കടന്നുകയറി തീയിടാൻ ശ്രമിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് പാളയത്ത് നിന്നാണ് മഞ്ചേശ്വരം എസ്ഐ നിഖിലും സംഘവും പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ്, സിപിഒ പ്രശോഭ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.