Crime | വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിലായി
● പൊലീസ് ബംഗളൂരുവിൽ നിന്നും മുഖ്യപ്രതിയെ പിടികൂടി
● നേരത്തെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു
കുമ്പള: (KasargodVartha) വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കാറിൽ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇർശാദിനെ (33) യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള ബപ്പായിത്തൊട്ടി ഹനഫി മസ്‌ജിദിന് സമീപത്തെ അമാൻ മൻസിലിലെ മുഹമ്മദ് ഫാറൂഖിനെ (35) നാലംഗ സംഘം അക്രമിച്ചെന്നാണ് കേസ്.
കേസിൽ നേരത്തേ കൂട്ടുപ്രതികളായ കിരൺരാജ് ഷെട്ടി, സഹോദരൻ വരുൺരാജ് ഷെട്ടി, രൂപേഷ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ഇർശാദ് ഒളി വിൽപോവുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിന് പുലർച്ചെയാണ് അക്രമം നടന്നത്. ബന്ധുവായ ഇർശാദ് ബംബ്രാണ കഴിഞ്ഞിട്ടുള്ള ഒരു വയലിന് സമീപത്തെ വീടിന് മുന്നിലേക്ക് കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
അവിടെ വച്ച് കിരൺരാജ് ഷെട്ടി, സഹോദരൻ വരുൺ രാജ് ഷെട്ടി, രൂപേഷ് എന്നിവർ ചേർന്ന് ഫാറൂഖിനെ ക്രൂരമായി മർദിച്ചുവെന്നും അതിനിടെ കാറുമായി തിരിച്ചെത്തിയ ഇർശാദ് ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചുവെന്നുമാണ് പരാതി. സംഭവത്തിൽ പിന്നീട് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽപോയ ഇർശാദ് ബെംഗ്ളൂറിൽ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് അവിടെ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ അറസ്റ്റിലായ കിരൺ രാജിന് പോക്സോ കേസിൽ ഒരാഴ്‌ച മുമ്പ് ജീവപര്യന്തം തടവും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 50 വർഷം കഠിനതടവും കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നു.
#CrimeNews #Kasaragod #PoliceAction #KeralaNews #AttemptedMurder #Arrest