Arrested | ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട് വലയിൽ വീഴ്ത്തിയ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
ഫോൺ വഴിയും നേരിട്ടും മൂന്ന് മാസത്തോളമായി യുവാവ് പിന്തുടരുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ കേസിനാസ്പദമായ സംഭവം നടന്നത്.
കാഞ്ഞങ്ങാട്: (KasargodVartha) ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വലയിൽ വീഴ്ത്തിയ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാസ്മിൻ (21) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ മദ്റസയിലേക്ക് എന്ന് പറഞ്ഞ് പോയ പെൺകുട്ടിയെ വഴിയിൽ കാറുമായി കാത്തുനിന്ന യുവാവ് കയറ്റി കൊണ്ടുപോയെന്നാണ് പരാതി.
പല സ്ഥലങ്ങളിലായി ചുറ്റിക്കറങ്ങുകയും ഇതിനിടയിൽ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. വൈകീട്ട് പെൺകുട്ടിയുടെ വീടിനടുത്ത് ഇറക്കിവിടുന്നതിനിടെ യുവാവിനെ പ്രദേശവാസികൾ പിടിക്കൂടി മർദിച്ചതായും പരാതിയുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വനിതാ പൊലീസ് ഉദ്യാഗസ്ഥർ പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷം യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഫോൺ വഴിയും നേരിട്ടും മൂന്ന് മാസത്തോളമായി യുവാവ് പിന്തുടരുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.