Allegation | 14 വർഷം മുമ്പെടുത്ത പാസ്പോർട് പുതുക്കാൻ അപേക്ഷിച്ച യുവാവ് പൊലീസ് പറയുന്നത് കേട്ട് ഞെട്ടി; പിന്നാലെ പൊലീസ് കേസും! തനിക്ക് ഒന്നുമറിയുന്നില്ലെന്ന് പെയിന്റിങ് തൊഴിലാളി
● പാസ്‌പോർട് പുതുക്കാൻ പോയപ്പോഴാണ് രണ്ടാമത്തെ പാസ്‌പോർട് ഉള്ളതായി അറിയുന്നത്.
● യുവാവ് തന്റെ നിരപരാധിത്വം ആവർത്തിച്ചു വ്യക്തമാക്കി.
● പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) ഇരട്ട പാസ്പോർട് കൈവശം വെച്ചുവെന്ന കുറ്റത്തിന് യുവാവിനെതിരെ കാസർകോട് ടൗൺ പൊലീസ് 1967ലെ പാസ്പോർട് ആക്ട് 12/(1/ബി) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബദിയഡുക്ക നീർച്ചാലിലെ മുഹമ്മദ് അമാനുവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പാസ്പോർട് പുതുക്കാൻ ചെന്നപ്പോഴാണ് യുവാവിന്റെ പേരിൽ മറ്റൊരു പാസ്പോർട് കൂടി ഉള്ളതായി അറിയുന്നത്. എന്നാൽ തനിക്ക് മറ്റൊരു പാസ്പോർട് ഇല്ലെന്ന് പറഞ്ഞുവെങ്കിലും അധികൃതർ അക്കാര്യം സ്വീകരിച്ചില്ലെന്ന് പെയിന്റിങ് തൊഴിലാളിയായ അമാനു കാസർകോട് വാർത്തയോട് പറഞ്ഞു.
'രണ്ട് തവണ ഇക്കാര്യത്തിനായി പൊലീസ് വിളിപ്പിച്ചിരുന്നു. അപ്പോഴും തന്റെ നിരപരാധിത്വം അറിയിക്കുകയും പാസ്പോർട് അടക്കമുള്ള രേഖകൾ കൈമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ രണ്ട് പാസ്പോർട് ഉണ്ടെന്ന് പറഞ്ഞ് കേസെടുത്തിരിക്കുന്നത്. 2007 ലാണ് ദുബൈയിലേക്ക് പോകുന്നതിനായി താൻ പാസ്പോർട് എടുത്തത്. രണ്ടുവർഷം ജോലി ചെയ്ത ശേഷം തിരികെ എത്തിയെങ്കിലും ഡിസ്കിന് തകരാർ ഉള്ളതിനാൽ തിരിച്ചുപോകാൻ കഴിഞ്ഞില്ല.
പിന്നീട് ഏറെക്കാലം ചികിത്സയിലായിരുന്നു. ഇപ്പോൾ പ്രശ്നമൊന്നും ഇല്ലാത്തത് കൊണ്ടാണ് വീണ്ടും ഗൾഫിലേക്ക് പോകുന്നതിനായി പാസ്പോർട് പുതുക്കാൻ നൽകിയത്. 2007 ലെടുത്ത പാസ്‌പോർടിലെ ഫോടോ കലങ്ങിയതിനെ തുടർന്ന് 2010ൽ പാസ്പോർട് പുതുക്കിയിരുന്നു. ആ പാസ്പോർട് ആണ് ഇപ്പോഴും കയ്യിലുള്ളത്. ഇതിനിടയിലാണ് 2011ൽ താൻ വീണ്ടും പാസ്പോർട് എടുത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നത്', യുവാവ് വിശദീകരിച്ചു.
പെയിന്റിങ് തൊഴിലാളിയായ തനിക്ക് സാമ്പത്തികമായും ശാരീരികമായും കുടുംബപരവുമായുള്ള നൂറുകൂട്ടം പ്രശ്ങ്ങൾ കിടക്കുമ്പോഴാണ് ഇത്തരമൊരു കേസ് എടുത്ത് കാര്യം അറിഞ്ഞതെന്നും അമാനു പരിതപിച്ചു. ഒരേസമയം രണ്ട് പാസ്പോർട് കൈവശം വെക്കുന്നതായി കാണിച്ച് അമാനുവിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപോർടിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് സിഐ പി നളിനാക്ഷന്റെ പരാതിയിൽ സ്വമേധയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
#passportfraud #keralanews #policeinvestigation #manarrested #legalissues