Seizures | കാസർകോട്ട് രണ്ടിടത്തായി വൻ പുകയില ഉത്പന്ന വേട്ട; ലക്ഷങ്ങളുടെ ലഹരി വസ്തുക്കൾ പിടികൂടി; പിതാവും മകനും അടക്കം 3 പേർ

● കാലിക്കടവിൽ 10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി.
● കൂഡ്‌ലുവിലെ വീട്ടിൽ 7810 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തി.
● കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.
കാസർകോട്: (KasargodVartha) ജില്ലയിൽ രണ്ടിടത്തായി വൻ പുകയില ഉത്പന്ന വേട്ട. ലക്ഷങ്ങളുടെ ലഹരി ഉത്പന്നങ്ങൾ പിടികൂടി. പിതാവും മകനും അടക്കം മൂന്ന് പേർ അറസ്റ്റിലായി. കാലിക്കടവ് ദേശീയപാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 10 ലക്ഷം രൂപയിലധികം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംശയം തോന്നിയ ഒരു പിക്കപ് വാൻ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
വാനിൽ ഉണ്ടായിരുന്ന വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ വി ശമീർ (40 ), ഇയാളുടെ പിതാവ് യുസഫ് (68) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിയോടെ ചന്തേര എസ്ഐ എം സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. സിവിൽ പൊ ലീസ് ഓഫീസർ ഹരീഷ്, ഹോം ഗാർഡ് രാജൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
കൂടാതെ, കാസർകോട് കൂഡ്‌ലുവിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ വൻ പുകയില ഉത്പന്ന ശേഖരം പിടികൂടി. സംഭവത്തില്‍ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇര്‍ഫാന്‍ അബ്ദുല്‍ ഖാദറിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് 7810 പാകറ്റ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. എസ്ഐമാരായ പി രവീന്ദ്രന്‍, കെ. വരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നീരജ്, ശ്രീരാജ്, അശ്വതി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
കാസർകോട് ജില്ലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഇത്തരം ലഹരി മാഫിയയ്‌ക്കെതിരെ കർശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Major tobacco seizures occurred in two locations in Kasaragod district. Narcotics worth lakhs were seized and three people, including a father and son, were arrested. Police are taking strict action against the growing drug use in the area, particularly targeting students.
#KasaragodDrugsBust #TobaccoSeizure #DrugMafia #KeralaPolice #Narcotics #CrimeNews