Arrest | വൻ മയക്കുമരുന്ന് വേട്ട; താത്കാലിക രജിസ്ട്രേഷനുള്ള പുത്തൻ കാറിൽ കടത്തിയ 83.890 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ
● 'പ്രതികൾ മുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടവരാണ്'
● 'ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്'
● പെർള അതിർത്തി ചെക്ക് പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്.
ബദിയഡുക്ക: (KasargodVartha) വാഹന പരിശോധനയ്ക്കിടെ ബദിയഡുക്കയിൽ പൊലീസ് നടത്തിയത് വൻ മയക്കുമരുന്ന് വേട്ട. താത്കാലിക രജിസ്ട്രേഷനുള്ള പുത്തൻ കാറിൽ കടത്തിയ 83.890 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സൽമാൻ (29), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സലീൽ (41) എന്നിവരെയാണ് ബദിയഡുക്ക എസ്ഐ കെകെ നിഖിലും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
പെർള അതിർത്തി ചെക് പോസ്റ്റിന് മുൻവശം വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12.20 മണിയോടെ വാഹന പരിശോധനയ്ക്കിടെയാണ് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്. ടി 1024 കെ എൽ 0514 എൻ എന്ന താൽക്കാലിക രജിസ്ട്രേഷൻ നൽകിയ ബെലേനൊ കാറിൽ നിന്നുമാണ് പൊലീസ് മാരക മയക്കുമരുന്ന് പിടിച്ചെടുത്തത്. പ്രതികളെ രാത്രിയോടെ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതികൾ രണ്ടു പേരും നേരത്തേ കഞ്ചാവ് വലിച്ച കുറ്റത്തിൽ പ്രതികളാക്കപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. വിൽപനയ്ക്ക് വേണ്ടി ബെംഗ്ളൂറിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് യുവാക്കൾ പൊലീസിൽ മൊഴി നൽകിയതായാണ് അറിയുന്നത്. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ബദിയഡുക്ക സ്റ്റേഷനിലെ എസ്ഐ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശശികുമാർ, ശെൽവരാജ് എന്നിവരും മയക്കുമരുന്ന് വേട്ട നടത്തിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
#MDMA #DrugBust #KeralaPolice #Badiyadka #CrimeNews #Narcotics