Arrest | കോഴി വ്യാപാരിയെ ബൈകിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലെ മുഖ്യപ്രതി ഗോവ വിമാനത്താവളത്തിൽ പിടിയില്‍

● മുഹമ്മദ് റാഫി എന്നയാൾ ആണ് അറസ്റ്റിലായത്.
● പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്.
● എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു
ബേക്കൽ: (KasargodVartha) പൂച്ചക്കാട്ട് വീടിനു തീവെയ്ക്കുകയും കേസ് പിന്‍വലിക്കാത്തതില്‍ പ്രകോപിതനായി പരാതിക്കാരന്റെ സഹോദരനെ ബൈകില്‍ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഗോവ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിൻ്റെ പിടിയിലായി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റാഫി (32) യാണ് വെള്ളിയാഴ്ച രാത്രി ഗോവ വിമാനത്താവളത്തില്‍ വച്ച് പിടിയത്.
നേരത്തെ എല്ലാ വിമാനത്തവളങ്ങളിലും പൊലീസ് അറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവെച്ചത്. ചിത്താരിയിൽ ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ പൂച്ചക്കാട്ടെ കോഴി വ്യാപാരിയുടെ സഹോദരൻ ഫൈസലിന്റെ വീടിനു തീവച്ചിരുന്നു. ഈ സംഭവത്തില്‍ മുഹമ്മദ് റാഫി അടക്കമുള്ളവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിനെ മുഹമ്മദ് റാഫി സമീപിച്ചിരുന്നതായി പറയുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും ഇതിന്റെ വിരോധത്തില്‍ സഹോദരനായ മുഹമ്മദിനെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. ബൈകില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദിനെ കാറിടിച്ച് വീഴ്ത്തി മാരകായുധങ്ങള്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് മുഹമ്മദ് റാഫിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതി വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് പാസ്പോർട് നമ്പറും ഫോടോകളും അടക്കമുള്ള വിവരങ്ങൾ എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചുകൊടുത്തിരുന്നു. ഇതേ തുടർന്നാണ് ഗോവ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം വെള്ളിയാഴ്ച രാത്രി മുഹമ്മദ് റാഫിയെ തടഞ്ഞുവച്ച് ബേക്കല്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഹമ്മദ് റാഫിയെയും കൊണ്ട് ബേക്കലിലേക്ക് തിരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Muhammad Rafi, the main accused in a case of attempting to murder a poultry trader's brother, was arrested at Goa airport while attempting to flee abroad.
#AttemptedMurder #GoaAirport #KasaragodNews #PoliceArrest #PoultryTrader #KeralaCrime