Acquittal | വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിരയാക്കിയെന്ന് കേസ്; പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധമെന്ന് യുവാവ്; ഒടുവിൽ പോക്സോ കേസിൽ വെറുതെ വിട്ട് കാസർകോട്ടെ കോടതി
കാസർകോട്: (KasaragodVartha) പോക്സോ കേസിൽ യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. വർഷങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ വിഷ്‌ണു (23) എന്ന യുവാവിനെയാണ് കാസർകോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക് കോടതി കുറ്റവിമുക്തനാക്കിയത്.
2021 മാർചിൽ, എസ്എസ്എൽസി വിദ്യാർഥിനിയായ പെൺകുട്ടിയെ വിഷ്ണു മോടോർ സൈകിളിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കാസർകോട് വനിതാ പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറഞ്ഞത്.
എന്നാൽ ഈ ആരോപണങ്ങളൊന്നും സത്യമല്ലെന്ന് യുവാവ് കോടതിയിൽ വാദിച്ചു. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായതോടെ താൻ പിൻമാറിയതാണെന്നും പ്രതികാരത്തിനായാണ് പരാതി നൽകിയതെന്നും യുവാവ് കോടതിയിൽ ബോധിപ്പിച്ചു.
പോക്സോ നിയമം അടക്കം വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം തടവും വലിയൊരു പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് യുവാവിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.
ആരോപിച്ച ഒരു കുറ്റകൃത്യവും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് ജഡ്‌ജ് സന്തോഷ് കുമാർ കുറ്റാരോപിതനെ വെറുതെ വിട്ടത്. യുവാവിന് വേണ്ടി അഡ്വ. കെ ബാലകൃഷ്ണൻ, കെ പത്മനാഭ എന്നിവർ ഹാജരായി.