Conviction | 'മനുഷ്യ തലകൊണ്ട് മൈതാനത്ത് ഫുട്ബോൾ കളിച്ച' കൊലക്കേസിൽ 6 പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും
● 2017 ഏപ്രിൽ 30നാണ് കൊലപാതകം നടന്നത്
● കൊല്ലപ്പെട്ടത് പേരാൽ സ്വദേശി അബ്ദുൽ സലാം
● കേസിലെ എട്ട് പ്രതികളിൽ രണ്ടുപേരെ കോടതി വെറുതെ വിട്ടു
കാസർകോട്: (KasargodVartha) കാസർകോട്: (KasargodVartha) മനുഷ്യ തലകൊണ്ട് മൈതാനത്ത് ഫുട്ബോൾ കളിച്ച് കേരള മനസാക്ഷിയെ ഞെട്ടിച്ച കേസിൽ പ്രതികളായ ആറു പ്രതികൾക്കും കോടതി ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ പേരാലിലെ അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന് കേസിലാണ് വിധി. കൂടാതെ മറ്റ് വകുപ്പുകൾ അനുസരിച്ച് അഞ്ച് വർഷം മുതൽ ഏഴ് വർഷം വരെ കഠിന തടവുകൾക്കും ശിക്ഷിച്ചിട്ടുണ്ട്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാങ്ങാമുടി സിദ്ദീഖ് എന്ന സിദ്ദീഖ് (39), ഉമര്‍ ഫാറൂഖ് (29), സഹീര്‍ (32), നിയാസ് (31), ലത്തീഫ് പെർവാഡ് (36), ഹരീഷ് (29), ലത്തീഫ് മാളിയങ്കര (32) എന്നിവരെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത്. ആറ് പ്രതികളെയും കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.
2017 ഏപ്രിൽ 30ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വെച്ച് കഴുത്തറുത്ത് കൊന്നത്. സലാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നൗശാദിനെ കുത്തിപരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികൾ തല ഉപയോഗിച്ച് ഫുട്ബോൾ കളിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു. പൊലീസിന് വിവരം നൽകി സിദ്ദീഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും 29ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ കയറി ഉമ്മയേയും സിദ്ദീഖിനെയും ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിദ്ദീഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമർ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. കൊല്ലപ്പെട്ട സലാമും കൊലപാതക കേസ് പ്രതിയായിരുന്നു.
53 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും രക്തം പുരണ്ട വസ്ത്രങ്ങളുമടക്കം 16 തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
കുമ്പള സി ഐയായിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡി വൈ എസ് പി വിവി മനോജ് ആണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ
ജി ചന്ദ്രമോഹൻ, അഡ്വ.ചിത്രകല എന്നിവരാണ് ഹാജരായത്.
#KeralaCrime #MurderCase #JusticeServed #LifeImprisonment #Kasargod #BrutalMurder