city-gold-ad-for-blogger
Aster MIMS 10/10/2023

Crime | 'അമിതലാഭം നൽകാമെന്ന് പറഞ്ഞ് ട്രേഡിംഗ് തട്ടിപ്പ്; എല്‍ഐസി ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം തട്ടി'; കേസിൽ 2 പേര്‍ അറസ്റ്റില്‍

Crime
Photo - Arranged

തട്ടിപ്പ് സംഘത്തിൽ മൂന്നിലധികം പേർ ഇനിയും പിടിയിലാകാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് 

കാസര്‍കോട്: (KasargodVartha) അമിതലാഭം വാഗ്ദാനം ചെയ്ത് എല്‍ ഐ സി ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ രണ്ടുപേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി  മുഹമ്മദ് നിശാം (23), കോഴിക്കോട് സ്വദേശി കെ നിഖില്‍ (34) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ ഇൻസ്‌പെക്ടർ പി നളിനാക്ഷനും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. 

എല്‍ഐസി ഉദ്യോഗസ്ഥനായ തൃക്കരിപ്പൂര്‍ ഉദിനൂരിലെ എ വി വേണുഗോപാലിന്റെ പണമാണ് ട്രേഡിങ് തട്ടിപ്പിലൂടെ സംഘം കൈക്കലാക്കിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 15നും മെയ് ഒമ്പതിനും ഇടയിലുള്ള ദിവസങ്ങളിൽ ഓൺലൈൻ വഴി ഉത്തരേൻഡ്യക്കാരായ പ്രൊഫസർ സഞ്ജയ്, റിയ എന്നിവർ വാട്സ് ആപ് വഴി ലിങ്ക് അയച്ച് ഗ്രൂപിൽ അംഗമാക്കുകയും പിന്നീട് ട്രേഡിങ് ആപ് ഡൗൺലോഡ് ചെയ്ത് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് പരാതി.

ഇവർ പണം സ്വീകരിച്ച അകൗണ്ട് ഉടമകളാണ് ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് നിശാമും നിഖിലുമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ മൂന്നിലധികം പേർ ഇനിയും പിടിയിലാകാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

വലിയ റാകറ്റ് തന്നെയാണ് ഓൺലൈൻ ട്രേഡിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞാണ് പലരെയും വാട്സ് ആപ് ഗ്രൂപിൽ അംഗമാക്കുന്നത്. കൂടുതൽ ലാഭവിഹിതം കിട്ടുമെന്ന് മോഹിപ്പിച്ചാണ് വലയിൽ വീഴ്ത്തുന്നത്. ഇവർ നിർദേശിക്കുന്ന അകൗണ്ടിലേക്കാണ് പണം അയക്കാൻ ആവശ്യപ്പെടുന്നത്. പിന്നീട് ലാഭവിഹിതമോ പ്രതികരണമോ ഇല്ലതിരിക്കുമ്പോഴാണ് പരാതിയുമായി പൊലീസിൽ എത്തുന്നത്. 

കാസർകോട് ജില്ലയിൽ അടുത്ത കാലത്തായി ഓൺലൈൻ തട്ടിപ്പിനിരയായവരുടെ എണ്ണം വലിയ തോതിലാണ് വർധിച്ച് വരുന്നത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കപ്പൽ ജീവനക്കാരന് രണ്ട് കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ രണ്ടുപേർ അറസ്റ്റിലായിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങുന്നവരിൽ കൂടുതൽ പേരും ഉന്നത വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരുമാണ്. അമിത ലാഭം മോഹിച്ചാണ് പലരും നിക്ഷേപ തട്ടിപ്പിന്റെ കെണിയിൽ വീഴുന്നത്. അതിനാൽ തന്നെ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
 

Crime

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia