city-gold-ad-for-blogger

വിദ്യാർഥിയെ മർദിച്ച പ്രധാന അധ്യാപകൻ ഒത്തുതീർപ്പിന് ശ്രമിച്ചതായി ആരോപണം; വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

kundamkuzhi_teacher_assault_marches_were_held.webp
Photo: Special Arrangement

● കുണ്ടംകുഴി സ്കൂളിലെ പ്രധാന അധ്യാപകൻ്റെ മർദനമാണ് കാരണം.
● വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.
● ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
● വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ചുകൾ നടത്തി.

കാസർകോട്: (KasargodVartha) കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ മർദിച്ച് കർണപുടം തകർത്തെന്ന സംഭവത്തിൽ പ്രധാന അധ്യാപകൻ വിദ്യാർഥിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി സംഭവം ഒതുക്കാൻ ശ്രമിച്ചതായുള്ള ആരോപണം ഉയർന്നു. വിഷയം വിവാദമായതോടെയാണ് കുട്ടിയുടെ കുടുംബത്തിൻ്റെ ദാരിദ്ര്യം വെച്ച് വിലപേശാനുള്ള ശ്രമം നടന്നതെന്നാണ് ആരോപണം. അതിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്.

വിദ്യാർഥികൾ തെറ്റുചെയ്താൽ നിയമം നോക്കി മാത്രമേ ശിക്ഷാ നടപടികൾ സ്വീകരിക്കാവൂ എന്നും കുട്ടികളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്നും മന്ത്രി അധ്യാപകർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി. വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ അന്വേഷണം നടക്കുക. പത്താം ക്ലാസ് വിദ്യാർഥിക്കാണ് പ്രധാനാധ്യാപകൻ അശോകൻ്റെ മർദനത്തെ തുടർന്ന് പരിക്കേറ്റത്. ഓഗസ്റ്റ് 11-ന് സ്കൂളിലെ അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയതാണ് പ്രധാന അധ്യാപകനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ആരോഗ്യം കുറഞ്ഞ കുട്ടി സ്റ്റഡിയായി നിൽക്കാത്തതിനാലാണ് അധ്യാപകൻ അടിച്ചതെന്നാണ് വിദ്യാർഥി തന്നെ മാതാപിതാക്കളോട് പറഞ്ഞത്.

അസംബ്ലി നടക്കുന്നതിനിടെ സ്റ്റേജിലേക്ക് വിളിച്ച് എല്ലാ വിദ്യാർഥികളുടെയും മുന്നിൽ വെച്ച് കോളറിൽ പിടിച്ച് ചെവിയുടെ ഭാഗത്ത് അടിക്കുകയായിരുന്നു എന്നാണ് ആരോപണം. ചെവി അമർത്തി പിടിച്ച് അസ്വസ്ഥത കാട്ടിയ കുട്ടിക്ക് പിന്നീട് അധ്യാപകൻ ചായ വാങ്ങി കൊടുത്തതായും പറയുന്നു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പോലീസ് വന്നപ്പോൾ തലകറങ്ങി വീണതാണെന്നാണ് താൻ പറഞ്ഞതെന്നും വിദ്യാർഥി മാധ്യമങ്ങളോട് പിന്നീട് പറഞ്ഞു. സംഭവം ഒതുക്കിത്തീർക്കാൻ അധ്യാപകൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി വിദ്യാർഥിയുടെ അമ്മ തന്നെയാണ് വെളിപ്പെടുത്തിയത്. പിടിഎ പ്രസിഡൻ്റും അധ്യാപകനും ചേർന്നാണ് വീട്ടിൽ വന്നത്. തെറ്റ് സമ്മതിച്ച അധ്യാപകൻ ചികിത്സാസഹായമായി പണം നൽകാമെന്ന് പറഞ്ഞുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ വലത് ചെവിക്ക് കേൾവിക്കുറവുണ്ടെന്നും കർണപുടം പൊട്ടിയതിനാൽ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്താൻ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അടിയേറ്റ വിദ്യാർഥിയുടെ മൊഴി ഡിഡിഇ രേഖപ്പെടുത്തും. കുട്ടിയുടെ രക്ഷിതാക്കൾ ബേഡകം പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് അറിയിച്ചു. അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് സൂചന നൽകി. സ്കൂൾ അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചതായി കുട്ടിയുടെ മാതാവ് ആരോപിച്ചു. അധ്യാപകൻ്റെ ക്രൂരതയ്ക്കെതിരെ കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരും മാർച്ച് നടത്തി. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

എസ് എഫ് ഐ, എ ബി വി പി സംഘടനകൾ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അടിക്കുമ്പോൾ സ്ഥാനം തെറ്റിപ്പോയതാണെന്നാണ് സ്കൂൾ പിടിഎ പ്രസിഡൻ്റ് എം മാധവൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് വീട്ടിലെത്തി അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇത്തരം സംഭവങ്ങളിൽ അധ്യാപകർ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Student beaten by headmaster in Kundamkuzhi school.

#KeralaEducation #SchoolViolence #Kasargod #TeacherAssault #StudentRights #Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia